രാഹുല്‍ ഗാന്ധിക്ക് വധഭീഷണിക്കത്ത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വധഭീഷണി. പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ എത്തുന്നതിന്റെ തൊട്ടുമുമ്പാണ് അവിടുത്തെ പാര്‍ട്ടി നേതൃത്വത്തിന് കത്തു ലഭിച്ചത്. പുതുച്ചേരി കാരക്കൈലില്‍ രാഹുല്‍ ഇന്ന് പ്രചാരണപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിനെ കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് രാജ്‌നാഥ് ഉറപ്പുനല്‍കി.തന്നെയും രാഹുല്‍ ഗാന്ധിയെയും ഭീണിപ്പെടുത്തുന്ന അജ്ഞാതന്‍ എഴുതിയ കത്ത് മെയ് അഞ്ചിനാണ് തനിക്കു വീട്ടില്‍ ലഭിച്ചതെന്ന് പുതുച്ചേരി കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ നാരായണസ്വാമി അറിയിച്ചു.കോണ്‍ഗ്രസ്സിന്റെ നയംമൂലം സാധാരണക്കാരായ ചുമട്ടുകാരും മറ്റു കൂലിപ്പണിക്കാരും വലഞ്ഞുവെന്നും വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്നും കത്തില്‍ ആരോപിക്കുന്നു. പരിപാടിക്കിടെ സ്‌ഫോടനം നടത്തി തന്നെയും രാഹുലിനെയും വധിക്കുമെന്നാണു തമിഴ് ഭാഷയില്‍ എഴുതിയ കത്തിന്റെ ഉള്ളടക്കമെന്നു നാരായണസ്വാമി പറഞ്ഞു. പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സ്വാമി പറഞ്ഞു.അതേസമയം, വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുലിന്റെ സുരക്ഷയില്‍ പരമാവധി ജാഗ്രത പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രൊട്ടക്റ്റ് ഗ്രൂപ്പിനും (എസ്പിജി) രഹസ്യാന്വേഷണ ബ്യൂറോ(ഐബി)ക്കും നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷിയാണ് രാഹുലിന്റെ സുരക്ഷാ ചുമതലയുള്ള സേനയ്ക്ക് മുന്‍ കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. അഹ്മദ് പട്ടേല്‍, മോത്തിലാല്‍ വൊഹ്‌റ, ആനന്ദ് ശര്‍മ എന്നീ നേതാക്കളാണു രാജ്‌നാഥ്‌സിങിനെ കണ്ടത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവെ തമിഴ്‌നാട്ടില്‍വച്ചുതന്നെയാണ് 1991 മെയ് 21ന് രാഹുലിന്റെ പിതാവും മുന്‍പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it