Editorial

രാഹുല്‍ കോണ്‍ഗ്രസ്സിനെ നയിക്കുമ്പോള്‍

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ 87ാമത്തെ അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു. ഏതാണ്ട് രണ്ടു പതിറ്റാണ്ടിനടുത്ത് പാര്‍ട്ടിയെ നയിച്ച സോണിയാഗാന്ധിയുടെ പിന്‍ഗാമി ആയാണ് മകന്‍ രാഹുല്‍ എഐസിസി പ്രസിഡന്റ് പദവിയിലെത്തുന്നത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ഒരു പ്രതിസന്ധിഘട്ടമാണെന്നതും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടന്ന ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവരാനിരിക്കുന്ന സന്ദര്‍ഭമാണെന്നതും ഈ അധികാരമാറ്റത്തിനു പ്രാധാന്യമേകുന്നുണ്ട്. രാഹുല്‍യുഗം, നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യം തുടങ്ങിയ അലങ്കാരപ്രയോഗങ്ങളിലും സ്തുതികീര്‍ത്തനങ്ങളിലും അഭിരമിച്ചുകൊണ്ടാവരുത് വരുംനാളുകളില്‍ കോണ്‍ഗ്രസ് മുന്നോട്ടുപോവേണ്ടത്. രാഹുലിന്റെ അധ്യക്ഷപ്രസംഗത്തിലും സോണിയയുടെ വിടവാങ്ങല്‍ പ്രസംഗത്തിലും ചൂണ്ടിക്കാട്ടിയതുപോലെ, വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും ഇരുട്ടുകോട്ടയിലാണ് ഇന്നു രാജ്യം. വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം നാടിനെ അതിവേഗം ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ജാതിയും മതവും ഭക്ഷണവും ഭാഷയും തൊഴിലും വേഷവുമെല്ലാം നോക്കി ജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്ന വര്‍ഗീയശക്തികള്‍ക്ക് സര്‍വ പിന്തുണയും നല്‍കുകയാണ് ഭരണകൂടം. രാജ്യമൊട്ടാകെ ഭയത്തിന്റെ അന്തരീക്ഷം ചൂഴ്ന്നുനില്‍ക്കുകയാണ്. ഇത്തരമൊരു പരിതോവസ്ഥയില്‍ പാര്‍ട്ടിയെ മുന്നോട്ടുനയിക്കുകയെന്നത് രാഹുലിന് വലിയ വെല്ലുവിളിയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ വാക്കുകളിലും സമീപകാല പ്രവര്‍ത്തനങ്ങളിലും സ്ഫുരിക്കുന്ന ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട് എന്നു പറയാതെ വയ്യ. രാഷ്ട്രീയശത്രുക്കള്‍ ആരോപിക്കുന്നതുപോലെ അമുല്‍ബേബിയും ഉള്‍വലിയല്‍ പ്രകൃതത്തിന്റെ ഉടമയുമല്ല താനെന്ന് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ യാഥാര്‍ഥ്യബോധത്തോടെ നോക്കിക്കാണാനും കോണ്‍ഗ്രസ്സിന്റെ സംഘടനാശേഷി വീണ്ടെടുക്കാനും കഴിഞ്ഞാല്‍ രാഹുലിന് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നു തന്നെയാണ് കരുതേണ്ടത്. കേന്ദ്രഭരണം നഷ്ടമാവുകയും മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമായി ഭരണം ഒതുങ്ങുകയും ചെയ്ത അവസ്ഥയില്‍നിന്നാണ് സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയത്. തുടര്‍ച്ചയായി പത്തു വര്‍ഷം കേന്ദ്രത്തില്‍ അധികാരം കൈയാളാനും രണ്ടു ഡസനോളം സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്താനും കോണ്‍ഗ്രസ്സിനെ കെല്‍പ്പുറ്റതാക്കിയതിനു പിന്നില്‍ സോണിയയുടെ നേതൃപാടവത്തിനു പങ്കുണ്ട്. കൈയില്‍ വന്ന പ്രധാനമന്ത്രിപദം പോലും നിരസിച്ച് യുപിഎ അധ്യക്ഷ എന്ന നിലയില്‍ തിളക്കമാര്‍ന്ന പ്രതിച്ഛായയാണ് സോണിയ കാഴ്ചവച്ചത്. ജനോപകാരപ്രദമായ ചില നടപടികള്‍ കൈക്കൊള്ളാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിനെ ശക്തമായ പിന്തുണച്ചതും സോണിയ ആയിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മതനിരപേക്ഷ സഖ്യം ശക്തിപ്പെടുക തന്നെയാണ് സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ ചുറ്റുപാടില്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാനുള്ള പ്രായോഗിക പരിഹാരം. ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള പ്രാപ്തിയാണ് രാഹുല്‍ഗാന്ധിയെന്ന രാഷ്ട്രീയക്കാരന്റെ ഭാവി അടയാളപ്പെടുത്തുക.
Next Story

RELATED STORIES

Share it