രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കൊട്ടാരക്കര/പത്തനംതിട്ട: വിചാരണത്തടവുകാരനായി കൊട്ടാരക്കര സബ് ജയിലില്‍ കഴിഞ്ഞിരുന്ന ശബരിമല തന്ത്രി കുടുംബാംഗവും അയ്യപ്പധര്‍മസേനാ പ്രസിഡന്റുമായ രാഹുല്‍ ഈശ്വറിനെ ശാരീരിക അവശതകളെ തുടര്‍ന്നു തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റി. ഇവിടുത്തെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ശബരിമല വിഷയത്തില്‍ തീര്‍ത്ഥാടകരെ തടഞ്ഞതിനും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനും ആന്ധ്രയില്‍ നിന്നു മാധവി എന്ന യുവതിയെ മല കയറുന്നതില്‍ നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലും ബുധനാഴ്ചയാണു പത്തനംതിട്ട കോടതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു കൊട്ടാരക്കര സബ്ജയിലിലേക്ക് അയച്ചത്. പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പരാതിയുണ്ട്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു കൊട്ടാരക്കര സബ്ജയിലിലേക്കു മാറ്റുകയായിരുന്നു.
ജയിലില്‍ നിരാഹാരമനുഷ്ഠിച്ചു വരികയായിരുന്നു. ഇതേ തുടര്‍ന്നാണു ശാരീരിക അവശത അനുഭവപ്പെട്ടത്. ജയില്‍ ഭക്ഷണത്തോടുള്ള വിമുഖതയാണു നിരാഹാരത്തിനു പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള ഉപവാസമാണ് രാഹുല്‍ തുടരുന്നതെന്നാണ് പോലിസ് ഭാഷ്യം.
രാഹുല്‍ ഈശ്വറിന്റെ ഭാര്യയും കുടുംബാംഗങ്ങളും സുരേഷ് ഗോപി എംപി, പി സി ജോര്‍ജ് എംഎല്‍എ, പി സി വിഷ്ണുനാഥ് എന്നിവരും ജയിലില്‍ രാഹുല്‍ ഈശ്വറിനെ സന്ദര്‍ശിച്ചിരുന്നു.
അതേസമയം രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു ഫസ്റ്റ്ക്ലാസ് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പോലിസ് റിപോര്‍ട്ട് ലഭിച്ചിരുന്നില്ല. തുടര്‍ന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it