രാഹുലും ഇടതു നേതാക്കളും വേദി പങ്കിട്ടു

നിയാമത്പൂര്‍/ദുര്‍ഗാപൂര്‍: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇടതുമുന്നണി നേതാക്കളുമായി വേദി പങ്കിട്ടു. സംസ്ഥാനത്ത് ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരമേല്‍ക്കുമെന്ന് സംയുക്ത പ്രചാരണ റാലിയില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി മമതാ ബാനര്‍ജി ഏകാധിപത്യം നടപ്പാക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയത്. എങ്ങനെയാണു മല്‍സരിക്കേണ്ടതെന്ന് താന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സുകാരോടു ചോദിച്ചു. മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നും തൃണമൂലിനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷവുമായി ചേരണമെന്നുമാണ് അവര്‍ പറഞ്ഞത്.
തൃണമൂല്‍ നേതാക്കള്‍ കോഴവാങ്ങുന്ന ഒളികാമറ ദൃശ്യം പുറത്തുവന്നിട്ടും അവര്‍ക്കെതിരേ മമത നടപടിയെടുത്തില്ലെന്നും രാഹുല്‍ ആരോപിച്ചു. നിയാംപൂരില്‍ തൃണമൂലിന്റെ അതിക്രമവും അഴിമതിയുമാണ് ഇടതുപക്ഷം കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കാന്‍ കാരണമെന്ന് നിയാമത്പൂരില്‍ രാഹുലിന്റെ വേദി പങ്കിട്ട മുന്‍ സിപിഎം മന്ത്രി ബംഗാള്‍ ഗോപാല്‍ ചൗധരി പറഞ്ഞു.
നിരവധി കോണ്‍ഗ്രസ്-ഇടതുപക്ഷ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it