രാഹുലിന്റെ അധ്യക്ഷ പദവിയെ പരിഹസിച്ച് മോദി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ മുഗള്‍ രാജവംശത്തിലെ ഔറംഗസീബിനോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുലിന്റെ കിരീട ധാരണമാണു നടക്കുന്നതെന്നു പരിഹസിച്ചു.  മുഗള്‍ ഭരണകാലത്ത് ഷാജഹാന് ശേഷം മകന്‍ ഔറംഗസീബിനു വന്നതു പോലെയാണു രാഹുലിന്റെ വരവ്.  അധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുപ്പല്ല നടക്കുന്നത്. കോണ്‍ഗ്രസ്സിനകത്തു ജനാധിപത്യം എന്നൊന്നില്ലെന്നും മോദി പരിഹസിച്ചു.അതേസമയം,    മോദിക്കു മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തി. അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടിയിലുള്ള ആര്‍ക്ക് വേണമെങ്കിലും മല്‍സരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുന്നത് കൊണ്ടാണ് മോദി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നായിരുന്നു മുന്‍കേന്ദ്ര മന്ത്രി കുമാരി ഷെല്‍ജയുടെ മറുപടി. എന്നാല്‍, മോദിക്കു മറുപടി നല്‍കുന്നതിനിടെ രാഹുലിന്റെ അധ്യക്ഷസ്ഥാനത്തെ എതിര്‍ക്കുന്ന പാര്‍ട്ടി നേതാവ് ഷെഹ്‌സാദ് പൂനാവാലയെ അനുകൂലിച്ച മണിശങ്കര്‍ അയ്യരുടെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. രാഹുല്‍ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിലായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന. തുടര്‍ന്ന് തന്റെ പ്രസ്താവന അദ്ദേഹം തന്നെ തിരുത്തി. രാഹുല്‍ ഗാന്ധിക്കെതിരേ മല്‍സരിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും ഇതു തികച്ചും ജനാധിപത്യപരമായ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.  കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുപ്പല്ല അധികാരക്കൈമാറ്റമാണു നടക്കുന്നതെന്ന് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it