രാഹുലിനെതിരായ ഇരട്ട പൗരത്വ വിവാദം; അടിയന്തരമായി വാദം കേള്‍ക്കാനാവില്ല: കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണം സംബന്ധിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രിംകോടതി. രാജ്യത്ത് നിയമവിരുദ്ധമായ ഇരട്ട പൗരത്വം രാഹുല്‍ ഗാന്ധിക്ക് ഉണ്ടെന്നും വിഷയത്തില്‍ രാഹുലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ സിബിഐയെ ചുമതലപ്പെടുത്തണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടിയന്തരമായി പരിഗണിക്കേണ്ട ഒരു സാഹചര്യവും ഈ കേസില്‍ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നേൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. എം എല്‍ ശര്‍മ എന്ന ഒരു അഭിഭാഷകനാണ് വിഷയവുമായി കോടതിയെ സമീപിച്ചത്.
2003ല്‍ ബ്രിട്ടനിലെ ഒരു കമ്പനിയുമായുള്ള കരാറില്‍ താന്‍ ബ്രിട്ടീഷ് പൗര—നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. രാഹുലിന്റെ ഇന്ത്യന്‍ പൗരത്വവും ലോക്‌സഭാ അംഗത്വവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലോക്‌സഭാ സ്പീക്കര്‍ക്കും സുബ്രഹ്മണ്യം സ്വാമി കത്തു നല്‍കിയിരുന്നു.
അതേസമയം, കമ്പനിയുമായുള്ള കരാര്‍ പത്രം ടൈപ്പ് ചെയ്തിടത്തുള്ള തെറ്റാണ് സംഭവത്തിന് കാരണമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ വിശദീകരണം. തെറ്റുകാരനാണെങ്കില്‍ തന്നെ പിടിച്ച് ജയിലിലിടണമെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it