kannur local

രാഷ്ട്രീയ വിവാദങ്ങള്‍ക്കു വിരാമം : കോര്‍പറേഷനിലെ സ്പില്‍ഓവര്‍ പദ്ധതികള്‍ക്ക് അംഗീകാരം



കണ്ണൂര്‍: രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ സ്്പില്‍ഓവര്‍ പദ്ധതികളുടെ അന്തിമ നിര്‍ദേശത്തിന് അംഗീകാരം. പ്രതിപക്ഷം നല്‍കിയ അടിയന്തര നോട്ടീസിന്‍മേല്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് 614 പദ്ധതികള്‍ അംഗീകാരത്തിനായി ഡിപിസിക്ക് റിപോര്‍ട്ട്് നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാവാതെ കിടക്കുന്ന പദ്ധതികളുടെ തുടര്‍പ്രവൃത്തിക്ക് ജൂണ്‍ 15നകം അന്തിമ റിപോര്‍ട്ട് നല്‍കിയില്ലെങ്കില്‍ പദ്ധതികള്‍ നഷ്ടപ്പെടുമെന്നിരിക്കെയാണ് ചര്‍ച്ച നടത്തിയത്. 2016-17 പദ്ധതിവര്‍ഷത്തെ 824 പദ്ധതികളില്‍ 183 പദ്ധതികളാണ് ഇതിനകം പൂര്‍ത്തിയാക്കിയത്. 163 ക്യൂ ലിസ്റ്റിലാണെന്നും 33 എണ്ണം സാങ്കേതിക കാരണങ്ങളാല്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നും സ്പില്‍ഓവര്‍ പദ്ധതികളുടെ കണക്കുകള്‍ അവതരിപ്പിച്ച ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് പറഞ്ഞു. ടെന്‍ഡര്‍ പൂര്‍ത്തിയാക്കതും പുതിയ എസ്റ്റിമേറ്റുകള്‍ നടത്തിയതുമായ പദ്ധതികളാണ് ഒഴിവാക്കപ്പെട്ടത്. അതേസമയം 2014-15, 2015-16 വര്‍ഷങ്ങളിലെ സ്പില്‍ഓവര്‍ പദ്ധതികള്‍ അന്തിമ നിര്‍ദേശത്തില്‍പെടുത്തിയില്ല. 200ലധികം പദ്ധതികള്‍ ഇത്തരത്തില്‍ പൂര്‍ത്തിയാക്കാനുണ്ട്. നേരത്തേ നഗരസഭയുടെയും പഞ്ചായത്തിന്റെയും ഭാഗമായതിനാല്‍ കോര്‍പറേഷന്‍ നടപടിക്രമങ്ങളില്‍ ഇത്് ഉള്‍പ്പെടുത്താന്‍ തടസ്സമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതമായാണ് മേയറും ഭരണകക്ഷി അംഗങ്ങളും ഇടപെടുന്നതെന്നും യുഡിഎഫ്് കൗണ്‍സിലര്‍മാരോട് പല കാര്യങ്ങളും ചര്‍ച്ചചെയ്യാറില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിനാലാണ് കോര്‍പറേഷന്‍ വികസന സെമിനാര്‍ ബഹിഷ്‌കരിച്ചത്. അതേസമയം യുഡിഎഫില്‍നിന്നുള്ള സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ പോലും പദ്ധതി നിര്‍വഹണത്തില്‍ സഹകരിക്കാത്ത അവസ്ഥയുണ്ടെന്നും വികസന സെമിനാറില്‍ പങ്കെടുക്കാത്തവര്‍ വികസനകാര്യങ്ങളില്‍ പൂര്‍ണമായി സഹകരിക്കുന്നുവെന്നു പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും ഭരണപക്ഷം മറുപടി നല്‍കി.കോര്‍പറേഷനിലെ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായാണ് സ്ഥലംമാറ്റിയത്. ആസൂത്രണത്തിലെ പിഴവ് നീതികരിക്കാനാവില്ല. കോര്‍പറേഷന്‍ യോഗങ്ങള്‍ യഥാവിധി ചേരുന്നില്ല. സൗഹാര്‍ദപൂര്‍ണമായ ഇടപെടലുകള്‍ വിപരീതമായി വ്യാഖ്യാനിക്കപ്പെടുന്നു. ഉദ്യോഗസ്ഥ സംവിധാനത്തിന് കൂട്ടായ്മയില്ല. കൗണ്‍സിലര്‍മാര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ കാര്യങ്ങള്‍ അന്വേഷിച്ചാല്‍ നല്‍കുന്നില്ല. എന്നാല്‍ ചിലര്‍ക്കു വിവരങ്ങള്‍ നല്‍കുന്നുണ്ട്. പല കാര്യങ്ങളും സ്ഥിരംസമിതി അറിയാതെ എടുക്കുന്നു തുടങ്ങിയ ആരോപണങ്ങളും പരസ്പരം ഉന്നിയിച്ചു. 300 പ്രവൃത്തികള്‍ നടത്തിയിട്ടും ഒരുരൂപ പോലും കരാറുകാര്‍ക്കു നല്‍കിയിട്ടില്ലെന്നും  തെരുവുവിളക്ക് സ്ഥാപിക്കുന്ന കാര്യത്തില്‍പോലും രാഷ്്ട്രീയം കലര്‍ത്തുകയാണെന്നും യുഡിഎഫ് അംഗങ്ങള്‍ പരാതിപ്പെട്ടു. മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ സി സമീര്‍, എന്‍ ബാലകൃഷ്ണന്‍, അഡ്വ. പി ഇന്ദിര, വെള്ളോറ രാജന്‍, അഡ്വ. ടി ഒ മോഹനന്‍, എം ഷഫീഖ്, എം വി സഹദേവന്‍, എം പി മുഹമ്മദലി, എം കെ ഷാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it