രാഷ്ട്രീയ മുതലെടുപ്പിനായി സമരം നടത്തരുതെന്ന് മുഖ്യമന്ത്രി

കൊച്ചി: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായധനം ലഭിച്ചില്ലെന്ന പേരില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ കുത്തിയിരിപ്പ് സമരം രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായിട്ടാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണം ഉണ്ട്. അത് കൊടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതുമാത്രമേ താമസമുള്ളൂ. പരവൂരില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം ഉണ്ടായത്. തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ആദ്യത്തെ ഉത്തരവ് കൊല്ലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി 20 കോടി അനുവദിച്ചുകൊണ്ടുളളതായിരുന്നു. 20 കോടിയില്‍ 10 കോടി അന്നു തന്നെ കൊല്ലം ജില്ലാ കലക്ടര്‍ക്ക് കൈമാറി. അതിനു പുറമേ പരിക്കേറ്റവരുടെ ചികില്‍സയുടെ മുഴുവന്‍ പണവും സര്‍ക്കാര്‍ വഹിക്കാന്‍ ധാരണയിലെത്തിയ ശേഷം മുഴുവന്‍ ആശുപത്രികള്‍ക്കും വ്യക്തമായ നിര്‍ദേശം നല്‍കി. പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റതാണെന്ന് പറയാതിരുന്നവരുടെ പക്കല്‍നിന്നും ആശുപത്രിക്കാര്‍ പണം വാങ്ങി. ആ പണം ആശുപത്രി അധികൃതര്‍ തിരിച്ചു നല്‍കും. അവര്‍ നല്‍കിയില്ലെങ്കില്‍ ബില്ലുമായി വന്നാല്‍ സര്‍ക്കാര്‍ പണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ കാര്യങ്ങളിലും സമയബന്ധിതമായി മനുഷ്യസാധ്യമായ രീതിയില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. മറ്റൊന്നിന്റെയും പേരില്‍ സമരം നടത്താന്‍ പറ്റാത്തതുകൊണ്ടാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നതെന്നും അതിന് മറ്റൊരു പ്രധാന്യവുമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏതു പ്രശ്‌നമാണെങ്കിലും അതില്‍ നിന്ന് സര്‍ക്കാര്‍ ഓടിയൊളിക്കില്ല. ആ പ്രശ്‌നത്തിലേക്ക് ഇറങ്ങിച്ചെന്ന് അതിന് പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it