wayanad local

രാഷ്ട്രീയ മാലിന്യം പേറി കാനനസുന്ദരി; കോടതിയെ സമീപിക്കുമെന്ന് സംരക്ഷണ സമിതി

മാനന്തവാടി: സിപിഐ ജില്ലാ സമ്മേളന പ്രമേയത്തില്‍ അംഗീകരിച്ച കുറുവാദ്വീപിലെ നിയന്ത്രണത്തിന് മാറ്റം വരുത്താ ന്‍ സിപിഎം രംഗത്തിറങ്ങിയതോടെ ഇരുപാര്‍ട്ടികളും തമ്മില്‍ കുറുവാ വിഷയത്തില്‍ വീണ്ടും പോരിലേക്ക് നീങ്ങുന്നു.  കുറുവാ ദ്വീപില്‍ സ്ഥലം എംഎല്‍എ യോടു പോലും കൂടിയാലോചിക്കാതെ വനം വകുപ്പ് കൊണ്ടു വന്ന നിയന്ത്രണത്തിനെതിരെ നേരത്തെ മുതല്‍ തന്നെ സിപിഎം രംഗത്തെത്തിയിരുന്നു.  നിയന്ത്രണം നീക്കി പൂര്‍വ സ്ഥിതിയിലാക്കണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം.
സിപിഐ ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയം കുറുവയിലെ നിയന്ത്രണത്തെ സ്വാഗതം ചെയ്യുന്നതായിരുന്നു. ഇതിനിടെയാണ് ഈമാസം മൂന്നിന് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടറെയും ജില്ലയിലെ എംഎല്‍എ മാര്‍, നഗരസഭാ ചെയര്‍മാന്‍, ഡിടിപിസി, വിഎസ്എസ് എന്നിവരെയും എംഎല്‍എയുടെ നിര്‍ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത് നിയന്ത്രണത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശമുയര്‍ന്നത്.
രണ്ടിടങ്ങളില്‍ നിന്നുമായി നിലവിലെ 400 ന് പകരം 2000 പേര്‍ക്ക് പ്രവേശനം നല്‍കണമെന്നായിരുന്നു തീരുമാനം. പതിനഞ്ചു ദിവസത്തിനകം തീരുമാനം നടപ്പിലാക്കാനും തൂരുമാനിച്ചിരുന്നു. യോഗത്തില്‍ വനം വകുപ്പിന്റെ ഭാഗം ന്യായീകരിച്ച ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ ഭാഷയില്‍ എംഎല്‍എ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈയോഗത്തില്‍ സിപിഐ പ്രതിനിധികളെ ക്ഷണിക്കുകയോ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ തീരുമാനം വന്ന ഉടനെതന്നെ എഐവൈഎഫും കിസാന്‍ സഭയും തീരുമാനത്തിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. യാതൊരു കാരണവശാലും നിയന്ത്രണം നീക്കാനനുവദിക്കില്ലെന്ന നിലപാടാണ് സിപിഐക്കുള്ളത്.
സിപിഐ നേരിട്ട് രംഗത്ത് വരാതെ പോഷകഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്. തങ്ങളുടെ വകുപ്പിലേക്കുള്ള കടന്നുകയറ്റമായാണ് സിപിഐ ഇതിനെ കാണുന്നത്. വേനല്‍ മഴ ശകതമായുണ്ടായില്ലെങ്കില്‍ മാര്‍ച്ച് 31ന് തന്നെ കുറുവാ അടച്ചുപൂട്ടാനുള്ള നീക്കമാണ് ഇപ്പോ ള്‍ നടത്തുന്നത്. ഇതിനിടെ കുറുവയിലെ ഡിടിപിസി യുടെ ടൂറിസം ഇടപെടലിനെതിരെ ഹൈക്കോടതിയില്‍ കേസും നടന്നുവരുന്നുണ്ട്.
അതിനിടെ, കുറുവയുടെ പേരില്‍ നടക്കുന്ന അനാവശ്യ രാഷ്ട്രീയ ഇടപെടലിനെതിരെ വയനാട് പ്രകൃതി സംരക്ഷണസമിതിയും രംഗത്തെത്തി. അനിയന്ത്രിത ടൂറിസത്തിനായി നീക്കം തുടര്‍ന്നാല്‍ ടൂറിസം പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിനെയും കോടതിയെയും സമീപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ നവംബര്‍ എട്ടുമുതലാണ് കുറുവയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടത്. കുറുവയിലെ വാഹകശേഷി നിര്‍ണയിക്കാനുള്ള ചുമതല ഡെറാഡൂണിലെ വനം ഗവേഷണ കേന്ദ്രത്തെ ഏല്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കുന്നതിന് പകരം അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നത്.
1980 ലെ വനസംരക്ഷണ നിയമമനുസരിച്ച് രാജ്യത്ത് എവിടെയും വനത്തിനുള്ളില്‍ നടക്കുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രവനം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ തെക്കെ വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ കുറുവയിലുള്‍പ്പടെ ഒരു കേന്ദ്രത്തിനും നിലവില്‍ അനുമതിയില്ലെന്ന് പ്രകൃതി സംരക്ഷണസമിതി ആരോപിച്ചു.
എന്‍ ബാദുഷ അധ്യക്ഷത വഹിച്ചു. എം ഗംഗാധരന്‍, എ വി മനോജ്, പി എം സുരേഷ്, സണ്ണി മരക്കടവ്, തോമസ് അമ്പലവയല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it