World

രാഷ്ട്രീയ നേതാക്കള്‍ക്കും പോലിസിനും പങ്കുള്ളതായി റിപോര്‍ട്ട്‌

കൊളംബോ: ശ്രീലങ്കയിലെ കാന്‍ഡി ജില്ലയില്‍ ഈ മാസം മുസ്‌ലിംകള്‍ക്കെതിരേ നടന്ന അക്രമത്തില്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാക്കള്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട്. ദൃക്‌സാക്ഷികളെയും ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഏജന്‍സി റിപോര്‍ട്ട് പുറത്തുവിട്ടത്.
മൂന്നു ദിവസത്തോളം കാന്‍ഡി ജില്ലയില്‍ നടന്ന ആസൂത്രിത കലാപത്തില്‍ മുസ്‌ലിം പള്ളികളും വീടുകളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുള്ള വിദ്വേഷ പ്രചാ—രണത്തിലൂടെ ബുദ്ധമതക്കാര്‍ കലാപം അഴിച്ചുവിടുകയും പോലിസും ബുദ്ധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും അതില്‍ പങ്കുചേരുകയുമായിരുന്നു. ഇതു തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്തു.
എന്നാല്‍, താനോ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോ കലാപത്തില്‍ പങ്കെടുത്തു എന്ന ആരോപണം രാജപക്‌സെ നിഷേധിച്ചു. പോലിസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരായ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. ശ്രീലങ്കയിലെ അര്‍ധ സൈനിക വിഭാഗമായ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഒരു മുസ്‌ലിം പണ്ഡിതനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എന്നാല്‍, വാര്‍ത്തകളോട് പ്രതികരിക്കാന്‍ എസ്ടിഎഫ് തയ്യാറായില്ല. അക്രമികളില്‍ നിന്നു സംരക്ഷിക്കേണ്ട പോലിസ് പള്ളിയിലെത്തി തങ്ങളെ മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം തങ്ങളാണെന്നാണ് അവര്‍ പറഞ്ഞതെന്നും മതപണ്ഡിതന്‍ എ എച്ച് റമീസ് പറഞ്ഞു.
എസ്ടിഎഫിന്റെ ഒരു സംഘം സംഭവത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ അപാകതകളെക്കുറിച്ചും മറ്റൊരു സംഘം രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നു പോലിസ് വക്താവ് റുവാന്‍ ഗുണശേഖര അറിയിച്ചു. മുസ്‌ലിംകള്‍ക്കെതിരായ ആക്രമണം വ്യാപിച്ചതോടെ ശ്രീലങ്കയില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it