രാഷ്ട്രീയ ജയത്തിന് വോട്ട് വേണ്ട

മധ്യമാര്‍ഗം - പരമു
രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് തിരഞ്ഞെടുപ്പും സ്ഥാനാര്‍ഥിയും മല്‍സരവും അധികാരവും. എന്നാല്‍, തിരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ഥികള്‍ ഒരുമാതിരി നിഷ്പക്ഷരായി മാറുന്നത് കാണാം. രാഷ്ട്രീയവും നിലപാടുകളും വിസ്മരിച്ച് വോട്ടുവേട്ടയ്ക്ക് ഇറങ്ങുക എന്നതാണ് ഇവരുടെ ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാല്‍, ഏതുവിധേനയും തിരഞ്ഞെടുപ്പില്‍ ജയിക്കുക. ഇതിനു വേണ്ടി പലതരം അഭ്യാസങ്ങളും പാര്‍ട്ടികള്‍ ആസൂത്രണം ചെയ്യുന്നു.
മുമ്പ് ഇങ്ങനെയായിരുന്നില്ല സ്ഥിതി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ പി ആര്‍ നമ്പ്യാര്‍ മല്‍സരിക്കുന്ന കാലം. അറിയപ്പെടുന്ന ഉജ്ജ്വല പ്രസംഗകനും പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകനും സ്വാതന്ത്ര്യസമര സേനാനിയും അധ്യാപക നേതാവുമൊക്കെയായിരുന്നു പിആര്‍. എതിരാളികള്‍ പോലും ആദരിക്കുന്ന വ്യക്തിത്വം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ സുരക്ഷിത മണ്ഡലത്തിലാണ് പി ആര്‍ നമ്പ്യാരെ മല്‍സരിപ്പിക്കുന്നത്. മാത്രമല്ല, വടകര സ്വദേശി കൂടിയാണ് അദ്ദേഹം. അന്നു വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്ന എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് നിര്‍ണായകമായ സ്വാധീനമാണ്.
തമാശകള്‍ നിറഞ്ഞ പിആറിന്റെ പ്രസംഗം കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടും. തിരഞ്ഞെടുപ്പുചൂടില്‍ പിആറിന്റെ പ്രസംഗം കേള്‍ക്കാന്‍ ദൂരത്തുനിന്ന് വരെ ജനങ്ങള്‍ എത്തുമത്രേ. രാഷ്ട്രീയത്തില്‍ വളവും തിരിവും വശമില്ലാത്ത സത്യസന്ധതയുടെ പര്യായമായിരുന്ന പി ആര്‍ നമ്പ്യാര്‍ എല്ലാ കാര്യങ്ങളും ജനങ്ങളോട് തുറന്നുപറയും. താന്‍ സ്ഥാനാര്‍ഥിയാണെന്ന കാര്യം അദ്ദേഹം മറക്കും. തന്റെ പാര്‍ട്ടിയെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും വാചാലനാവും. സ്ഥാനാര്‍ഥിയായ തന്നെപ്പറ്റി ഒന്നും പറയില്ല. തനിക്കു വോട്ട് ചെയ്യണമെന്ന് ആരോടും അഭ്യര്‍ഥിക്കില്ല. തന്റെ രാഷ്ട്രീയത്തില്‍ വിശ്വാസമര്‍പ്പിച്ച് ജനങ്ങള്‍ വോട്ട് ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
തിരഞ്ഞെടുപ്പു യോഗങ്ങളില്‍ ജനസംഘത്തെ അദ്ദേഹം നിശിതമായി വിമര്‍ശിക്കും; പരിഹസിക്കും. ഈ സംഘം നാടിന്റെ ശാപമാണെന്നു പറയും. സ്ഥാനാര്‍ഥി ഇങ്ങനെ രാഷ്ട്രീയം പറയുന്നതു ശരിയല്ലെന്ന് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ പി ആര്‍ നമ്പ്യാരെ ആ സമയത്ത് ഉപദേശിച്ചു. അതിനു പി ആര്‍ നമ്പ്യാര്‍ പറഞ്ഞ സരസമായ മറുപടി ഇതാണ്: ''ഞാനിങ്ങനെ പ്രസംഗിക്കുന്നതു കൊണ്ട് ജനസംഘക്കാര്‍ എനിക്ക് വോട്ട് ചെയ്യില്ലെന്ന സങ്കടമല്ലേ നിങ്ങള്‍ക്കുള്ളത്. എനിക്കവരുടെ വോട്ട് വേണ്ട. എന്റെ രാഷ്ട്രീയം ജയിക്കണമെങ്കില്‍ അവര്‍ എനിക്ക് വോട്ട് ചെയ്യരുത്.'' നേതാക്കള്‍ പിന്നീട് ഒന്നും പറഞ്ഞില്ല. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ പിആര്‍ തന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരുന്നു.
ആ തിരഞ്ഞെടുപ്പില്‍ പിആര്‍ പരാജയപ്പെടുകയാണുണ്ടായത്. അതിനു മറ്റ് കാരണങ്ങളായിരുന്നു. അതില്‍ പ്രധാനം ജാതിരാഷ്ട്രീയമായിരുന്നു. പിന്നീട് ഒരു തിരഞ്ഞെടുപ്പിലും പിആര്‍ മല്‍സരിക്കാന്‍ കൂട്ടാക്കിയില്ല. പാര്‍ട്ടി രാജ്യസഭയിലേക്ക് പിആറിന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ അദ്ദേഹം അതിനു സമ്മതിച്ചില്ല. പാര്‍ട്ടി തീരുമാനമാണെന്നു കര്‍ശനമായി പറഞ്ഞപ്പോള്‍, എന്നാല്‍ ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുമെന്നാണ് പിആര്‍ നേതൃത്വത്തെ അറിയിച്ചത്.
ആസന്നമായ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് വേണ്ട എന്ന പ്രഖ്യാപനം കേട്ടപ്പോഴാണ് രണ്ടു കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും തിരഞ്ഞെടുപ്പു പ്രസംഗങ്ങള്‍ ഓര്‍മ വന്നത്. കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ്സിന്റെ വോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത് തങ്ങളുടെ രാഷ്ട്രീയ വിജയത്തിനായിരിക്കും. തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതിനേക്കാള്‍ പ്രധാനമാണ് രാഷ്ട്രീയവിജയം നേടുക എന്നത്. ദേശീയതലത്തില്‍ അഴിമതിക്കെതിരായി ശക്തമായ നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. രാജ്യത്തിന്റെ മുഖ്യവിപത്ത് അഴിമതിയാണെന്നു പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രമേയത്തില്‍ ഇത് പ്രാധാന്യത്തോടെ എഴുതിവച്ചിട്ടുണ്ട്. അഴിമതിക്കെതിരേ ഇങ്ങനെ ഒരു നയം കൊണ്ടുനടക്കുന്ന ഒരു പാര്‍ട്ടി എങ്ങനെയാണ് അഴിമതിയില്‍ മൂക്കറ്റം മുങ്ങിക്കിടക്കുന്ന കെ എം മാണിയുടെ വോട്ട് സ്വീകരിക്കുക?
മുന്നണിയുടെ ഒരു ഘടകകക്ഷിക്ക് ഇങ്ങനെ പറയാന്‍ അവകാശമുണ്ടോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. രാഷ്ട്രീയമായ ധാര്‍മികതയാണ് പ്രധാനം. മുന്നണിയില്‍ യാതൊരുവിധ ചര്‍ച്ചയും നടത്താതെ മാണി പാര്‍ട്ടിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ എടുക്കാന്‍ സിപിഎം കുറേക്കാലമായി ശ്രമിക്കുകയാണ്. മാണിക്കെതിരേ ഉയര്‍ത്തിയ ഗുരുതരമായ അഴിമതി ആരോപണങ്ങളെല്ലാം മറന്നുകൊണ്ടുള്ള അവസരവാദപരമായ നിലപാടായിരുന്നു ഇതെന്ന് നിഷ്പക്ഷമതികള്‍ പോലും സമ്മതിക്കും. ഏതുവിധേനയും ചെങ്ങന്നൂരില്‍ ജയിക്കാനുള്ള തന്ത്രകുതന്ത്രങ്ങളാണ് സിപിഎം നേതൃത്വം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനിടയിലാണ് മുന്നണി ഘടകകക്ഷി നേതാവിന്റെ വോട്ട് വേണ്ട എന്ന പരിഹാസം.
ഭരണപരമായ വീഴ്ചകളും രാഷ്ട്രീയമായ പാപ്പരത്തവും പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ ഭരണപക്ഷം പതറുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. സമീപകാലത്തുണ്ടായ പോലിസ് അതിക്രമങ്ങള്‍ ഭരണമുന്നണിക്ക് കനത്ത തിരിച്ചടിയാവുമെന്ന് കരുതുന്നു. മാണി കേരളാ കോണ്‍ഗ്രസ്സുകാരുടെ അഡീഷനല്‍ വോട്ട് കിട്ടിയാല്‍ നില ഭദ്രമാവുമെന്ന വിചാരം ഭരണമുന്നണി സ്ഥാനാര്‍ഥിക്കും പാര്‍ട്ടിക്കും നേരത്തേ തന്നെയുണ്ട്. എല്‍ഡിഎഫിന്റെ ജയത്തോടെ മാണി കേരളാ കോണ്‍ഗ്രസ്സിന്റെ മുന്നണിപ്രവേശം എളുപ്പമാവുമെന്നും അവര്‍ കണക്കുകൂട്ടുന്നു.                          ി
Next Story

RELATED STORIES

Share it