രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ കൊലപാതകം

കൊച്ചി: രാഷ്ട്രീയ കേരളത്തെയാകെ അക്ഷരാര്‍ഥത്തി ല്‍ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ജിഷ വധക്കേസ്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പരാജയത്തിന് ആക്കംകൂട്ടുകയും പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇപ്പോഴുള്ള ഇടത് സര്‍ക്കാരിന് അധികാരത്തിലേക്കുള്ള ചവിട്ടുപടികളിലൊന്നായും ജിഷ വധക്കേസ് മാറിയതിനാണ് കേരളം സാക്ഷ്യംവഹിച്ചത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവുര്‍ കുറ്റിക്കാട്ട് വീട്ടില്‍ രാജേശ്വരിയുടെ മകളായ നിയമവിദ്യാര്‍ഥിനി ജിഷയെ കനാല്‍ ബണ്ടിലെ ഒറ്റമുറി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയുടെ മരണം കൊലപാതകമാണെന്ന് തുടക്കത്തില്‍ തന്നെ കണ്ടെത്തിയിരുന്നെങ്കിലും പോലിസ്് വേണ്ടത്ര ഗൗനിച്ചില്ല. ജിഷ ക്രൂര പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്നും ശരീരത്തില്‍ 38 മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയും മാധ്യമങ്ങള്‍ ഇത് പുറത്തുവിടുകയും ചെയ്തതോടെയാണ് കേരളം മുഴുവന്‍ സംഭവം ചര്‍ച്ചയായി മാറിയത്. ഇതോടെ അന്നത്തെ യുഡിഎഫ് സര്‍ക്കാരിനു കേസ് തലവേദനയായി. പ്രതിയെ കണ്ടെത്താനാവാതെ പോലിസ് ഇരുട്ടില്‍ തപ്പിയപ്പോള്‍ സംസ്ഥാനം മുഴുവന്‍ പ്രതിഷേധം കത്തിപ്പടര്‍ന്നു. ജിഷ വധക്കേസ് ദേശിയ തലത്തില്‍തന്നെ ചര്‍ച്ചയായി. പ്രതിയെക്കുറിച്ച് നേരിയ സൂചനപോലും ലഭിക്കാതെ വന്നതോടെ സര്‍ക്കാരും പോലിസും രൂക്ഷമായ വിമര്‍ശനത്തിനിരയായി. ആ സമയത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കൂടി എത്തിയതോടെ ജിഷ വധം പിടിവള്ളിയാക്കി എല്‍ഡിഎഫ് അന്നത്തെ സര്‍ക്കാരിനെതിരേ ജനവികാരം ഇളക്കിവിട്ടു. കൊലപാതകത്തിന്റെ പേരില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെതിരേയും ആക്ഷേപം ഉയര്‍ന്നിരുന്നു. ജിഷയുടെ മാതാവ് രാജേശ്വരിയെ സന്ദര്‍ശിക്കാനെത്തിയ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ തടയുകയും ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് മടങ്ങിപ്പേവേണ്ടതായും വന്നു. ഒരു വശത്ത് ജിഷ വധം എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവെങ്കിലും മറുവശത്ത് ദോഷകരമായും ബാധിച്ചു. അന്നത്തെ പെരുമ്പാവൂര്‍ എംഎല്‍എയായിരുന്ന സിപിഎമ്മിന്റെ സാജുപോളിനെതിരേ ജിഷയുടെ മാതാവ് രംഗത്തു വന്നത് സിപിഎമ്മിനെയും എല്‍ഡിഎഫിനെയും പ്രതിസന്ധിയിലാക്കി.നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലംപതിക്കുകയും എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍തന്നെ അതുവരെ കേസ് അന്വേഷിച്ചിരുന്ന സംഘത്തെ മാറ്റി എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് ജൂണ്‍ 16ന് പ്രതി അമീറുല്‍ ഇസ്‌ലാമിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നും അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it