രാഷ്ട്രീയ എതിരാളികളെ ഉന്‍മൂലനം ചെയ്യാന്‍ സൗദി വധശിക്ഷ ആയുധമാക്കുന്നു: ആംനസ്റ്റി

ലണ്ടന്‍: സൗദിഅറേബ്യ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ആയുധമായി വധശിക്ഷയെ ഉപയോഗിക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍.
2011ല്‍ അറബ് മേഖലയില്‍ നടന്ന മുല്ലപ്പൂവിപ്ലവത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, ശിയാക്കള്‍ക്കു ഭൂരിപക്ഷമുള്ള കിഴക്കന്‍ മേഖലകളില്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയത് കഴിഞ്ഞദിവസം വധശിക്ഷയ്ക്കു വിധേയനായ ശെയ്ഖ് നിംറ് അലി നിംറ് ആയിരുന്നു. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് സൗദിയുടെ വാദം.
എന്നാല്‍, രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ആയുധമാണിതെന്നാണ് നിംറിന്റെ വധശിക്ഷയില്‍ നിന്നു വ്യക്തമാവുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ പശ്ചിമേഷ്യന്‍ ഡയറക്ടര്‍ ഫിലിപ്പ് ലൂതര്‍ അഭിപ്രായപ്പെട്ടു. വധശിക്ഷയിന്‍മേലുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാനാണ് ഭരണകൂടം ഭീകരവാദപ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുക എന്ന ന്യായീകരണം നിരത്തുന്നത്. നീതിയുക്തമായല്ല നിംറ് അലി നിംറ് അടക്കമുള്ളവരുടെ വിചാരണ നടത്തിയത്.
അന്താരാഷ്ട്ര നിയമങ്ങളെല്ലാം ഇക്കാര്യത്തില്‍ ലംഘിക്കപ്പെട്ടു. ഭരണകൂടത്തിനെതിരേ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തലാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സല്‍മാന്‍ രാജാവ് അധികാരത്തിലെത്തിയ ശേഷം സൗദിയില്‍ വധശിക്ഷ വര്‍ധിച്ചിരിക്കുകയാണെന്നാണ് റിപോര്‍ട്ട്.
2015ല്‍ 153 പേരെയാണ് സൗദിയില്‍ വധശിക്ഷയ്ക്കു വിധേയരാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ രണ്ടിരട്ടി അധികമാണിത്.
Next Story

RELATED STORIES

Share it