രാഷ്ട്രീയ ഇടപെടല്‍; ബച്ചനെതിരായ കേസ് പരിഗണിക്കാന്‍ സുപ്രിംകോടതി അനുമതി

രാഷ്ട്രീയ ഇടപെടല്‍; ബച്ചനെതിരായ കേസ് പരിഗണിക്കാന്‍  സുപ്രിംകോടതി അനുമതി
X
Amitabh-Bachchan--final-2

ന്യൂഡല്‍ഹി: 2001ല്‍ 1.66 കോടിരൂപ നികുതി വെട്ടിപ്പു നടത്തിയ കേസില്‍ ബോളിവുഡ് നടന്‍ അമിതാഭ്ബച്ചനെതിരായ കേസ് വീണ്ടും പരിഗണിക്കാന്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് സുപ്രിംകോടതിയുടെ അനുമതി. വിദേശത്ത് കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച പാനമ രേഖകളില്‍ ബച്ചന്റെ പേര് വന്നതിന് തൊട്ടുപിന്നാലെ ഉണ്ടായ ഈ വിധി താരത്തിന് കൂടുതല്‍ തിരിച്ചടിയായിരിക്കുകയാണ്.
2001-02 കാലയളവില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കോന്‍ ബനേഗാ ക്രോര്‍പതി എന്ന ടെലിവിഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് 1.66 കോടിയോളം രൂപ നികുതി ഇനത്തില്‍ താരം നല്‍കാനുണ്ടെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേസില്‍ തുടരന്വേഷണ നടപടികളുമായി മുന്നോട്ടുപോവാന്‍ അനുമതി തേടി ആദായനികുതി വകുപ്പ് സമര്‍പ്പിച്ച ഹരജി 2012ല്‍ മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെത്തടുര്‍ന്നാണ് ആദായനികുതി വകുപ്പ് സുപ്രിംകോടതിയെ സമീപിച്ചത്.
2002 ഒക്ടോബര്‍ 13 ന് സമര്‍പ്പിച്ച രേഖകളില്‍ 2001-02 കാലയളവിലെ വരുമാനമായി 14.99 കോടി രൂപയാണ് ബച്ചന്‍ കാണിച്ചിരുന്നത്. എന്നാല്‍, പിന്നീട് തിരുത്തി സമര്‍പ്പിച്ച രേഖകളില്‍ വരുമാനം 8.11 കോടിയാക്കി മാറ്റി. പക്ഷേ ആദായനികുതി വകുപ്പ് പരിശോധന പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ബച്ചന്‍ ഈ കണക്കുകള്‍ പിന്‍വലിച്ചിരുന്നു.
2005 മാര്‍ച്ച് 29ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ടെലിവിഷന്‍ പരിപാടിയില്‍നിന്നുള്ള ബച്ചന്റെ വരുമാനം 56.41 കോടിയെന്ന് കണ്ടെത്തി. തുടര്‍ന്ന് 2006 ഏപ്രില്‍ അഞ്ചിന് ആദായനികുതി വകുപ്പ് ബച്ചന് നോട്ടീസ് നല്‍കി. ബച്ചന് ഏഴ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും എന്നാല്‍, രേഖകളില്‍ ആറ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളുവെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പിന്‍വലിച്ച രേഖകളില്‍ തന്റെ 30 ശതമാനം ചെലവ് ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കാണെന്നാണ് കാണിച്ചിരിക്കുന്നത്.
2008ല്‍ ബച്ചന്റെ ടെലിവിഷന്‍ പരിപാടിയില്‍ നിന്നുള്ള ആകെ വരുമാനമായ 50.92 കോടിയില്‍ 30 ശതമാനം തുക നികുതി പരിധിയില്‍നിന്ന് ഒഴിവാക്കി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരു കലാകരനെന്ന നിലയില്‍ തനിക്ക് നികുതി ഇളവ് വേണമെന്ന താരത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്.
എന്നാല്‍, കോന്‍ ബനേഗാ ക്രോര്‍പതി എന്ന ടെലിവിഷന്‍ പരിപാടിയില്‍ സ്റ്റാര്‍ ഇന്ത്യ ലിമിറ്റഡിന്റെ അവതാരകനായിട്ടാണ് ബച്ചന്‍ വരുന്നതെന്നും അതിനാല്‍ കലാകാരന്‍ എന്ന ഗണത്തില്‍പ്പെടുത്താനാവില്ലെന്നുമാണ് ആദായനികുതി വകുപ്പിന്റെ നിലപാട്.
Next Story

RELATED STORIES

Share it