kannur local

രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിച്ചു; കൊലപാതകം കുറഞ്ഞു

കണ്ണൂര്‍: രാഷ്ട്രീയ അക്രമങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച കണ്ണൂര്‍ ജില്ലയില്‍ കൊഴിഞ്ഞുപോയ വര്‍ഷവും അക്രമങ്ങളുടെ എണ്ണം കൂടിയെന്നു കണക്കുകള്‍. അതേസമയം, രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗണ്യമായ കുററ്വ് അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍, പതിവില്‍നിന്നു വിപരീതമായി എതിരാളികളെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് ജീവച്ഛവമാക്കുന്ന അവസ്ഥയാണ് ഈയിടെയായി കണ്ടുവരുന്നത്. സിപിഎം, ആര്‍എസ്എസ് ആക്രമണങ്ങളില്‍ മാസങ്ങളോളം ചികില്‍സയില്‍ കഴിയുകയും എഴുന്നേല്‍ക്കാന്‍ പോലുമാവാതിരിക്കുകയും ചെയ്തവരുടെ എണ്ണം കൂടിവരികയാണ്. 2017ല്‍ കണ്ണൂര്‍ ജില്ലയില്‍ 483 രാഷ്ട്രീയ അക്രമക്കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 298 പേരുടെ പരിക്ക് ഗുരുതരമാണ്. എതിരാളികളെ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുന്നതാണ് അക്രമങ്ങളുടെ പുതിയ രീതിയെന്നാണ് അന്വേഷണങ്ങളില്‍നിന്നു വ്യക്തമാവുന്നത്. 2016ല്‍ ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ വര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ ജില്ലയില്‍ ഏഴു കൊലപാതകങ്ങളാണ് അരങ്ങേറിയത്. എന്നാല്‍ 2017ല്‍ കൊലപാതകങ്ങളുടെ എണ്ണം രണ്ടായി കുറഞ്ഞത് ആശ്വാസമേകുന്നതാണ്. കഴിഞ്ഞ ജനുവരി 18ന് അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കുമാര്‍, മെയ് 12ന് രാമന്തളിയില്‍ ബിജെപി പ്രവര്‍ത്തകനായ ബിജു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ സന്തോഷ് കുമാര്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടക്കുമ്പോഴാണു കൊല്ലപ്പെട്ടത്. കലോല്‍സവ നഗരിക്കു മുന്നില്‍ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പോയതും സംഘര്‍ഷമുണ്ടായതും ജില്ലയ്ക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയിരുന്നു.അതേസമയം, വിവിധ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 483 കേസുകള്‍ 2017ല്‍ പോലിസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 216 എണ്ണം സിപിഎം പ്രവര്‍ത്തകര്‍ക്കും 200 എണ്ണം ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരേയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ 12 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. പോലിസിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദിവസം വരെ വിവിധ രാഷ്ട്രീയ അക്രമങ്ങളില്‍ 298 പേര്‍ക്ക് മാരകമായി പരിക്കേറ്റു. ആകെ നടന്ന അക്രമക്കേസുകളില്‍ 1997 പ്രതികളെ തിരിച്ചറിഞ്ഞു. ഇതില്‍ 1546 പേരെ അറസ്റ്റ് ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it