രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം വിലപ്പോവില്ല: മുഖ്യമന്ത്രി

കോഴിക്കോട്: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ ദാരുണ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആര് ശ്രമിച്ചാലും അതു വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അത്തരം ഹീന ശ്രമങ്ങളെല്ലാം ജനം തിരിച്ചറിയുന്നുണ്ട്. പൊലിസ് അന്വേഷണം കാര്യക്ഷമമായാണ് നടക്കുന്നത്. ഇതുവരെ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. കേസിന്റെ പുരോഗതി വിലയിരുത്തിയാല്‍ മാത്രമേ ക്രൈംബ്രാഞ്ചുപോലുള്ള ഏജന്‍സികള്‍ വരണോ എന്ന് തീരുമാനിക്കാനാവൂ. ഇപ്പോള്‍ ശരിയായ ദിശയിലാണ് അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ടി പി ചന്ദ്രശേഖരന്‍ വധഗൂഢാലോചനക്കേസിലെ സിബിഐ അന്വേഷണകാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച ക്യാബിനറ്റ് നോട്ടുവരെ കേന്ദ്രത്തിന് കൈമാറിയതാണ്. എന്നിട്ടും സിബിഐ അന്വേഷണത്തിന് ഉത്തരവാകുന്നില്ലെങ്കില്‍ എന്താണ് അതിന് പിന്നിലെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കൂ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരുവിധ അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it