രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണം; എസ്.എന്‍.ഡി.പിയുടെ ചര്‍ച്ച പരാജയം

ചേര്‍ത്തല: എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണ ചര്‍ച്ച പരാജയം. ചേര്‍ത്തലയില്‍ അശ്വനി റസിഡന്‍സില്‍ എട്ടു മണിക്കൂര്‍ നടന്ന യോഗത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണം സംബന്ധിച്ചു വിഭിന്ന അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഹിന്ദു പാര്‍ട്ടിയല്ല മതേതര പാര്‍ട്ടിയാവും രൂപീകരിക്കുകയെന്നു യോഗശേഷം വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളെ അറിയിച്ചു.

ഇതില്‍ നടന്ന കൂടിയാലോചന അന്തിമമല്ലെന്നും മറ്റു സംഘടനകളുമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബറില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണമുണ്ടാവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൂന്നാം മുന്നണിയുടെ ആവശ്യകത കേരളത്തില്‍ ഇപ്പോഴുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടിക്കു രൂപം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ്, ധീവരസഭ, കേരള വിശ്വകര്‍മസഭ, യോഗക്ഷേമ സഭ, കെ.പി.എം.എസ്, പാണാര്‍ സഭ, നാടാര്‍ സഭ എന്നീ  സമുദായ നേതാക്കള്‍ ചര്‍ച്ചയ്‌ക്കെത്തിയിരുന്നു.

മതാധിഷ്ഠിത പാര്‍ട്ടി രൂപീകരിക്കുന്നത് എസ്.എന്‍.ഡി.പി. യോഗത്തിനു ചേര്‍ന്നതല്ലെന്നു പലരും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നിരീക്ഷകരായ എന്‍ എം പിയേഴ്‌സണ്‍, അഡ്വ. എം ജയശങ്കര്‍, പി രാജന്‍, ടി വി ബാബു, വിഷ്ണുപുരം ചന്ദ്രശേഖരന്‍, ഫിലിപ്പ് എം പ്രസാദ്, സാമൂഹിക നിരീക്ഷകന്‍ ഡോ. ജയപ്രസാദ് എന്നിവരില്‍ നിന്നാണ്  അഭിപ്രായം സമാഹരിച്ചത്. ഫിലിപ്പ് എം പ്രസാദും ജയപ്രസാദും മാത്രമാണ് രാഷ്ട്രീയ നീക്കത്തെ അനുകൂലിച്ചത്. ഈ നീക്കം എസ്.എന്‍.ഡി.പി. യോഗത്തെ ദോഷകരമായി ബാധിക്കുമെന്നും യു.ഡി.എഫിന് സഹായകരമാവുമെന്നുമാണ് മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടത്. കെ.പി.എം.എസിന്റെ ഒരു വിഭാഗവും വി.എസ്.ഡി.പി. ഉള്‍പ്പെടെ ചില സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഇവര്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണത്തോടു യോജിച്ചു.

തുടര്‍ന്ന് ഇതര ഹിന്ദു സംഘടനാ ഭാരവാഹികളുമായുള്ള ആശയവിനിമയമാണ് നടന്നത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിര്‍ദേശമാണു ഇവര്‍ വച്ചത്. പാര്‍ട്ടി രൂപീകരണം ഡിസംബര്‍ ആദ്യം ഉണ്ടാവുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അല്‍മായ സഭ പ്രതിനിധി ഫാ. തോമസ് കൈതപ്പറമ്പിലും പങ്കെടുത്തു.
Next Story

RELATED STORIES

Share it