Flash News

രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിവരാവകാശപരിധിയില്‍ വരില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍. ആറു ദേശീയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളെക്കുറിച്ച് വിവരാവകാശപ്രകാരം ആവശ്യം ഉന്നയിച്ചപ്പോഴാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2013ല്‍ ഈ ദേശീയ പാര്‍ട്ടികളെ നിയമത്തിന്റെ പരിധിയില്‍ പെടുത്തിയ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നടപടിക്കു വിരുദ്ധമാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി.
സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ പക്കലില്ല. ഇത് രാഷ്ട്രീയപ്പാര്‍ട്ടികളുമായി നേരിട്ടു ബന്ധപ്പെട്ട വിഷയമാണ്. പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണെന്നും കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പു ബോണ്ടുകള്‍ വഴി സമാഹരിച്ച സംഭാവനയുടെ വിവരങ്ങള്‍ രാഷ്ട്രീയകക്ഷികള്‍ ഈ വര്‍ഷം സപ്തംബര്‍ 30നു മുമ്പായി തിരഞ്ഞെടുപ്പു കമ്മീഷനില്‍ സമര്‍പ്പിക്കേണ്ടതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
പൂനെയില്‍ നിന്നുള്ള  വിഹാര്‍ ധുര്‍വേ ആണ് ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഎം, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചത്.
രാജ്യത്തെ ആറു ദേശീയ കക്ഷികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് 2013 ജൂണ്‍ 3ന് തിരഞ്ഞെടുപ്പു കമ്മീഷനും വ്യക്തമാക്കിയിരുന്നതാണ്.  എന്നാല്‍, രാഷ്ട്രീയകക്ഷികളാരും വിവരാവകാശ പ്രകാരമുള്ള അന്വേഷണങ്ങള്‍ക്കു നേരിട്ടു മറുപടി നല്‍കിയിരുന്നില്ല.
അതേസമയം, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രിംകോടതിയോ ഹൈക്കോടതിയോ റദ്ദാക്കുന്നതു വരെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷനു കഴിയില്ലെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ എ എന്‍ തിവാരി പറഞ്ഞു.
Next Story

RELATED STORIES

Share it