രാഷ്ട്രീയത്തോടുള്ള വൈമുഖ്യം ഗൗരവതരം: കത്തോലിക്കാ സഭ

കൊച്ചി: യുവജനങ്ങളും അഭ്യസ്തവിദ്യരും രാഷ്ട്രീയത്തോട് വൈമുഖ്യം പുലര്‍ത്തുന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണെന്ന് കത്തോലിക്കാ സഭ. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്നലെ കുര്‍ബാന മധ്യേ വായിച്ച മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
രാഷ്ട്രീയ നേതാക്കന്മാര്‍ മുന്നണി വ്യത്യാസമില്ലാതെ എല്ലാവരും ഒന്നുപോലെയാണെന്നും അവരില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ വോട്ടു ചെയ്യുന്നില്ലെന്നും ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. സമകാലിക രാഷ്ട്രീയത്തിലെ അസ്വസ്ഥതകള്‍ കണ്ടാണ് അരാഷ്ട്രീയ വാദം, നിസംഗത, നിഷ്‌ക്രിയത്വം എന്നിവയിലേക്ക് ചിലരെങ്കിലും പോകുന്നത്. വോട്ടു ചെയ്തിട്ടു കാര്യമില്ല, അതല്ലെങ്കില്‍ ഇവര്‍ക്കാര്‍ക്കും വോട്ടു ചെയ്തിട്ട് ഫലമില്ല എന്നുള്ള മനോഭാവം നിലവിലെ സംവിധാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ അടയാളമാണ്. എന്നാല്‍ ഇവ ജനാധിപത്യത്തെ ദുര്‍ബലമാക്കാനും സ്ഥാപിത താല്‍പര്യക്കാര്‍ക്കു തങ്ങളുടെ നയങ്ങള്‍ എതിര്‍പ്പില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുമാണ് സാഹചര്യമൊരുക്കുന്നത്. വോട്ടു ചെയ്യുക വഴി നാടുഭരിക്കാനുള്ള അധികാരം നാം ഏല്‍പ്പിച്ചുകൊടുക്കുന്നവരെക്കുറിച്ചും അവരുടെ ആശയ സംഹിതകളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും നമുക്ക് അറിവുണ്ടാകണം.
തിരഞ്ഞെടുപ്പിലൂടെ നാടിന്റെ ഭരണം ഏതാനും വ്യക്തികളുടെ കൈകളില്‍ ഏല്‍പ്പിക്കുന്നതോടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്ന് ചിന്തിക്കരുത്. ജനക്ഷേമം മറന്നു പ്രവര്‍ത്തിക്കുന്നവരെ അധികാരത്തില്‍ നിന്നും നീക്കാനും ജനോപകാരപ്രദമായ നിലപാടുകളെടുക്കുന്നവരെ പ്രതിഷ്ഠിക്കാനും ജനങ്ങള്‍ക്ക് അവസരമുണ്ടെന്നും ഇടയലേഖനത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it