Flash News

രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ പണവും പ്രശസ്തിയും മാത്രം മതിയാവില്ല : രജനികാന്ത്



ചെന്നൈ: രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ പണവും പ്രശസ്തിയും മാത്രം മതിയാവില്ലെന്നു രജനീകാന്ത്. ചെന്നൈയില്‍ നടന്‍ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടനായതു കൊണ്ടു മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാവില്ല. പേരോ, പണമോ, പ്രശസ്തിയോ മാത്രം പോര. രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ചേരുവ തീരുമാനിക്കുന്നതു ജനങ്ങളാണ്്. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി പരിവര്‍ത്തനപ്പെടുത്തുന്ന ഘടകങ്ങള്‍ അതിലുമൊക്കെ ഉപരിയാണെന്നു രജനീകാന്ത് വ്യക്തമാക്കി. ഒരു പക്ഷേ കമല്‍ഹാസന് അത് അറിയാമായിരിക്കും. രണ്ടു മാസം മുമ്പ് ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹമതു ഞാനുമായി പങ്കുവച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. കമല്‍ ഹാസന്‍ കൂടി പങ്കെടുത്ത ചടങ്ങിലാണു രജനീകാന്ത് ഇക്കാര്യം തുറന്നടിച്ചത്. രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങളുയരുന്നതിനിടെയാണ് ഇരുവരും ഒരേ വേദിയിലെത്തിയത്.സ്മാരകം ഉദ്ഘാടനം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയ അണ്ണാ ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കമലഹാസന്‍ സംസാരിച്ചത്.  താന്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുക തന്നെ ചെയ്യുമെന്നും അതിന് ആരും അവസരം നല്‍കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വമാണ് ശിവാജി സ്മാരകം ഉദ്ഘാടനം ചെയ്തത്. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി മന്ത്രി കടമ്പൂര്‍ സി രാജു ഉദ്ഘാടനം നിര്‍വഹിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കുടുംബവും ആരാധകരും ഉപമുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതോടെയാണു പനീര്‍ശെല്‍വം  ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായത്.
Next Story

RELATED STORIES

Share it