രാഷ്ട്രീയഗോദയില്‍ അങ്കംവെട്ടാന്‍ താരപ്പട

എച്ച് സുധീര്‍

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നണികള്‍ തമ്മിലുള്ള പോരാട്ടം എന്നതിലുപരി താരങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയിലാവും ശ്രദ്ധേയമാവുക. പതിവിന് വിപരീതമായി സിനിമ, മാധ്യമ, കായിക മേഖലയില്‍ നിന്നുള്ള വന്‍ താരനിരയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയത്.
ചലച്ചിത്ര താരങ്ങളായ മുകേഷ്, ജഗദീഷ്, സിദ്ധീഖ്, കെപിഎസി ലളിത, കൊല്ലം തുളസി, സുരേഷ്‌ഗോപി, ഗണേഷ്‌കുമാര്‍, അശോകന്‍, ഭീമന്‍രഘു, സംവിധായകന്‍മാരായ രാജസേനന്‍, വിനയന്‍, ക്രിക്കറ്റ് താരമായ ശ്രീശാന്ത്, മാധ്യമപ്രവര്‍ത്തകരായ വീണ ജോര്‍ജ്, നികേഷ്‌കുമാര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നത്. ഇവരില്‍ മുകേഷ്, ജഗദീഷ്, കൊല്ലം തുളസി, ഗണേഷ്‌കുമാര്‍, രാജസേനന്‍, ശ്രീശാന്ത്, വീണജോര്‍ജ്, നികേഷ്‌കുമാര്‍ എന്നിവര്‍ ഏതാണ്ട് മല്‍സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
പത്തനാപുരം മണ്ഡലമാവും താരപ്പോരാട്ടത്തില്‍ ശ്രദ്ധേയമാവുക. ചലച്ചിത്രതാരം ജഗദീഷും കെ ബി ഗണേഷ്‌കുമാറുമാണ് ഇവിടെ മല്‍സരിക്കുക. അതിനിടെ, പത്തനാപുരത്ത് ജഗദീഷിനും ഗണേഷ്‌കുമാറിനുമെതിരേ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ ഭീമന്‍ രഘു വ്യക്തമാക്കിയിട്ടുണ്ട്.
എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും മുകേഷ് സിപിഎം പിന്തുണയോടെ കൊല്ലത്ത് മല്‍സരിക്കുമെന്ന് ഉറപ്പായി. അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സിദ്ധീഖിന്റെ പേര് ഉയര്‍ന്നിട്ടുണ്ട്. വടക്കാഞ്ചേയിരിയില്‍ സിപിഎം സ്ഥാനാര്‍ഥിയായി കെപിഎസി ലളിതയുടെ പേരു സജീവമായി പരിഗണിച്ചെങ്കിലും പ്രാദേശിക എതിര്‍പ്പുകളെ ഭയന്ന് അവര്‍ സ്വയം പിന്‍മാറുന്നതായി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം അന്തിമനിലപാട് വ്യക്തമാക്കിയിട്ടില്ല.
ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്നെങ്കിലും പാര്‍ട്ടി പുറത്തുവിട്ട പട്ടികയില്‍ അദ്ദേഹമില്ല. തിരുവനന്തപുരം ഒഴിച്ചിട്ടിരിക്കുന്നത് സുരേഷ്‌ഗോപിക്കു വേണ്ടിയാണെന്നും പ്രചാരണമുണ്ട്.
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയമായ കൊല്ലം തുളസിയും സംവിധായകന്‍ രാജസേനനും ബിജെപി സ്ഥാനാര്‍ഥികളാവും. കൊല്ലം തുളസിയെ കുണ്ടറയിലും രാജസേനനെ നെടുമങ്ങാടും മല്‍സരിപ്പിക്കാനാണ് നീക്കം. ക്രിക്കറ്റ് താരം ശ്രീശാന്തും ബിജെപി അക്കൗണ്ടില്‍ മല്‍സരിക്കും.
അതിനിടെ, സിനിമാതാരം അശോകന്‍ ഹരിപ്പാട് സിപിഐ സ്ഥാനാര്‍ഥിയാവുമെന്ന് സൂചനയുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിഷേധിക്കില്ലെന്ന് അശോകന്‍ വ്യക്തമാക്കിയിട്ടുണ്ട്. പറവൂരില്‍ സിപിഐ സ്ഥാനാര്‍ഥിയായി സംവിധായകന്‍ വിനയനെ പരിഗണിക്കുന്നതായും റിപോര്‍ട്ടുണ്ട്. ഇവര്‍ക്കുപുറമെ, മാധ്യമമേഖലയില്‍ ശ്രദ്ധേയരായ വീണ ജോര്‍ജിനെ ആറന്മുളയിലും നികേഷ്‌കുമാറിനെ അഴീക്കോടും സിപിഎം മല്‍സരിപ്പിക്കും.
വ്യാപകമായി ചലച്ചിത്രതാരങ്ങളെ മല്‍സരിപ്പിക്കാനുള്ള നീക്കത്തിനെതിരേ സോഷ്യല്‍മീഡിയയില്‍ പരിഹാസവും പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. അണികള്‍ പാര്‍ട്ടിയെ സേവിച്ചിട്ട് അവസാനം നടന്മാരും കളിക്കാരും സീറ്റുകൊണ്ടുപോയെന്നാണ് ചിലരുടെ പക്ഷം. നല്ല ആളുകള്‍ പാര്‍ട്ടിയിലേക്ക് വരാത്തതിനാലാണ് നാലാളറിയുന്നവരെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാവുന്നതെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it