രാഷ്ട്രീയക്കാര്‍ കൊള്ളയടിക്കുന്നു: രജനീകാന്ത്‌

ചെന്നൈ: ജനാധിപത്യത്തിന്റെ പേരുപറഞ്ഞു രാഷ്ട്രീയക്കാര്‍ നമ്മളെ കൊള്ളയടിക്കുകയാണെന്നു സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. പോരാടാതെ പിന്മാറിയാല്‍, ഭീരുവായി ചിത്രീകരിക്കപ്പെടുമെന്നു കോടമ്പാക്കത്ത് തന്റെ രാഷ്ട്രീയപ്രവേശന പ്രഖ്യാപനവേളയില്‍ അദ്ദേഹം പറഞ്ഞു.
തെറ്റു കണ്ടെത്താന്‍ നിരീക്ഷകരെ എനിക്കാവശ്യമുണ്ട്. നിരീക്ഷകരുടെ തലപ്പത്തു താനുണ്ടാവും. വിദേശീയര്‍ മാത്രമല്ല, നമ്മുടെ രാഷ്ട്രീയക്കാരും നമ്മളെ കൊള്ളയടിക്കുകയാണ്. നമ്മള്‍ തയ്യാറെടുക്കണം. ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതുവരെ ആരെയും വിമര്‍ശിക്കരുത്. വിമര്‍ശിക്കാന്‍ നിരവധി പേരുണ്ടാവും. നമ്മള്‍ അവിടംവരെയെത്തിയിട്ടില്ല. അതുവരെ നമുക്ക് തുഴയാം, മുങ്ങിപ്പോവരുത്. ജനങ്ങളുടെ പിന്തുണയുണ്ടെങ്കിലേ തനിക്കിതു നേടാനാവൂ. ദൈവത്തിന്റെയും ജനങ്ങളുടെയും അനുഗ്രഹങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആരാധകരോട് രജനീകാന്ത് പറഞ്ഞു.
1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ വന്‍ പരാജയം നേരിട്ടത് രജനിയുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ജയലളിതയുടെ മരണശേഷമാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ശക്തമായത്. രജനീകാന്ത് ബിജെപിയിലേക്ക് പോവുമെന്നു നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല.
രാഷ്ട്രീയപ്രവേശന പ്രഖ്യാപനത്തെ തുടര്‍ന്ന് രജനീകാന്ത് ആരാധകര്‍ ആഹ്ലാദപ്രകടനം നടത്തി. രജനിയുടെ രാഷ്ട്രീയപ്രവേശനത്തില്‍ പല തമിഴ് അനുകൂല സംഘടനകളും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തുനിന്നും എതിര്‍പ്പുണ്ട്. തമിഴനല്ലാത്ത ഒരാള്‍ തമിഴ്‌നാടിനെ ഭരിക്കേണ്ട എന്നാണ് ഇവരുടെ നിലപാട്.
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ പിന്തുണയ്ക്കുന്നതായി കമല്‍ഹാസന്‍ പ്രതികരിച്ചു. തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുള്ള രജനീകാന്തിന്റെ കടന്നുവരവിനെ സ്വാഗതം ചെയ്യുന്നു. സാമൂഹിക വിഷയങ്ങളില്‍ ആശങ്കപ്പെടുകയും രാഷ്ട്രീയത്തില്‍ ഇറങ്ങാമെന്നു തീരുമാനിക്കുകയും ചെയ്ത മുതിര്‍ന്ന സഹോദരന് എല്ലാവിധ ആശംസകളും നേരുകയാണെന്നും കമല്‍ ട്വിറ്ററിലൂടെ അറിയിച്ചു.
കമലിന്റെ ആശംസകള്‍ക്ക് രജനീകാന്ത് നന്ദി അറിയിച്ചു. ആത്മീയ രാഷ്ട്രീയം എന്നു പറയുമ്പോള്‍ സ്വതന്ത്രമായ, സുതാര്യമായ രാഷ്ട്രീയം എന്നാണു താന്‍ ഉദ്ദേശിക്കുന്നതെന്നു രജനി മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്തു ജനങ്ങളുമായി സംവദിക്കും. അതിനുശേഷമേ പാര്‍ട്ടി എന്നു പ്രഖ്യാപിക്കൂവെന്ന് അറിയിക്കുകയുള്ളൂവെന്നും രജനി വ്യക്തമാക്കി.
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ അമിതാഭ് ബച്ചനും അഭിനന്ദിച്ചു. രജനീകാന്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ബച്ചന്‍ ട്വിറ്റ് ചെയ്തു. രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്യുന്നതായി തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it