രാഷ്ട്രീയക്കാരുടെ ശ്രദ്ധതേടി ദരിദ്ര കുഞ്ഞുങ്ങള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നേതാക്കളുടെ വരവ് കാത്തിരിക്കുകയാണ് ഒരു പറ്റം ദരിദ്രരായ കുട്ടികള്‍. രാഷ്ട്രീയക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും അവര്‍ പ്രചാരണം തുടങ്ങി. വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, മനുഷ്യക്കടത്തി ല്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയ വിഷയങ്ങളാണിവര്‍ മുന്നോട്ടുവയ്ക്കുന്നത്. തെരുവുകളില്‍ പ്രചാരണം നടത്തിയ കുട്ടിസംഘം റേഡിയോയിലും പരിപാടി നടത്താനുള്ള നീക്കത്തിലാണ്. കൊല്‍ക്കത്തയിലെ തുറമുഖ പ്രദേശത്തെ 13കാരനായ സോണി ഖാതൂനാണ് കുട്ടികളുടെ നേതാവ്. തൃണമൂല്‍ കോ ണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീമിനെ പ്രചാരണത്തിനെത്തിയപ്പോള്‍ സോണി അടുത്തിടെ കണ്ടിരുന്നു. തനിക്കാവശ്യം പതിവായി വൃത്തിയാക്കുന്ന തോടുകളാണെന്നായിരുന്നു ചോക്ലേറ്റ് നല്‍കിയ മന്ത്രിയോടുള്ള സോണിയുടെ വാക്കുകള്‍. തന്നെ അമ്പരപ്പിച്ച കുട്ടിയെ അഭിനന്ദിച്ച മന്ത്രി തോടു ശുചീകരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. സേവ് ദി ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് കുട്ടികളുടെ പ്രവര്‍ത്തനം. കുട്ടികളുടെ ആവശ്യങ്ങള്‍ വിവരിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തയക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സേവ് ദി ചില്‍ഡ്രന്‍ സംസ്ഥാന മേധാവി ചിത്തപ്രിയോ സാധു പറഞ്ഞു. ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് കുട്ടികള്‍ തങ്ങളുടെതായ ഭാഗം നിര്‍വഹിക്കുന്നത്. ഇതുവരെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിറക്കിയ പാര്‍ട്ടികളൊന്നും കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ല.
Next Story

RELATED STORIES

Share it