രാഷ്ട്രീയകക്ഷികളുടെ ഫണ്ട് പരിശോധിക്കാന്‍ നിയമം പര്യാപ്തമല്ല: നാസിം സെയ്ദി

ന്യൂഡല്‍ഹി: രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാമ്പത്തികകാര്യങ്ങള്‍ പരിശോധിക്കാന്‍ രാജ്യത്ത് ഫലപ്രദമായ നിയമമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നാസിം സെയ്ദി.
നിയമത്തിന്റെ അഭാവംമൂലം പാര്‍ട്ടികളുടെ 80 ശതമാനം ഫണ്ടും പരിശോധനയ്ക്കു വിധേയമല്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പണത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ നടന്ന ആഗോള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ളതും വിദേശസംഭാവനയുമൊഴിച്ച് ഏത് സ്രോതസ്സുകളില്‍നിന്നും പണം സ്വീകരിക്കാനും പാര്‍ട്ടികളുടെ പൊതുപ്രചാരണവുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലത്തില്‍ എത്ര തുക ചെലവഴിക്കാനും രാഷ്ട്രീയകക്ഷികള്‍ക്ക് കഴിയും- സെയ്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പില്‍ സമര്‍പ്പിക്കുന്ന വരവുചെലവ് കണക്കിനു പുറമെയുള്ള ഫണ്ടിനെപ്പറ്റിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പരാമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പില്‍ വാര്‍ഷിക വരവുചെലവ് കണക്ക് ബോധിപ്പിക്കണമെന്ന ബാധ്യത മാത്രമേ രാഷ്ട്രീയകക്ഷികള്‍ക്കുള്ളൂ. അതില്‍ 20,000 രൂപയില്‍ താഴെയുള്ള സംഭാവനകളാണെങ്കില്‍ കൂടുതല്‍ പരിശോധനയുമുണ്ടാവില്ല. കമ്മീഷന് ലഭിക്കുന്ന റിപോര്‍ട്ടുകള്‍ ആഭ്യന്തര, കമ്പനികാര്യ മന്ത്രാലയങ്ങള്‍ക്കും ആദായനികുതി വകുപ്പിനും തുടര്‍നടപടിക്കു വേണ്ടി സമര്‍പ്പിക്കും. അതോടെ നടപടിക്രമം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കൈവശമുള്ള രേഖകളനുസരിച്ച് രാഷ്ട്രീയപ്പാ ര്‍ട്ടികള്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ടില്‍ 80 ശതമാനവും 20,000 രൂപയില്‍ താഴെയുള്ള സംഭാവനകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സംഭാവനകളുടെ സ്രോതസ്സുകളെപ്പറ്റി അന്വേഷിക്കാന്‍ കഴിയുകയില്ല. നിയമമനുസരിച്ച് ഇവ നിയന്ത്രിക്കാനോ നിരോധിക്കാനോ ചട്ടങ്ങളുമില്ല. അതിനാല്‍ എല്ലാതരത്തിലുള്ള വരുമാനസ്രോതസ്സുകളും വെളിപ്പെടുത്താന്‍ രാഷ്ട്രീയകക്ഷികള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it