Flash News

രാഷ്ട്രപതി സ്ഥാനാര്‍ഥി; പ്രതിപക്ഷ തീരുമാനം നാളെ



ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ശക്തമായ എതിര്‍സ്ഥാനാര്‍ഥിയെ കണ്ടെത്താനായി പ്രതിപക്ഷം ചര്‍ച്ച തുടരുന്നു. നാളെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ നടക്കുന്ന വിവിധ പ്രതിപക്ഷകക്ഷികളുടെ യോഗത്തില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാവും. മഹാത്മാഗാന്ധിയുടെ കൊച്ചുമകനായ ഗോപാല്‍കൃഷ്ണ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുശീല്‍കുമാര്‍ ഷിന്‍ഡെ, ഭരണഘടനാശില്‍പി ബി ആര്‍ അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍, മുന്‍ ലോക്‌സഭാ സ്പീക്കറും ദലിത് നേതാവ് ജഗ്ജീവന്‍ റാമിന്റെ മകളുമായ മീരാകുമാര്‍ എന്നീ നാലു പേരുകളാണു പ്രതിപക്ഷത്തിന്റെ മുമ്പിലുള്ളത്. ബിജെപി ദലിത് സ്ഥാനാര്‍ഥിയെ കൊണ്ടുവന്നതിനാല്‍ ഇതില്‍ പ്രകാശ് അംബേദ്കര്‍ക്കാണു സാധ്യത കൂടുതല്‍. പ്രകാശ് അംബേദ്കറോടാണ് ഇടതുപക്ഷത്തിനും താല്‍പ്പര്യം. കോവിന്ദിനെ പിന്തുണയ്ക്കണോ സംയുക്തസ്ഥാനാര്‍ഥിയെ നിര്‍ത്തണോ എന്നതു സംബന്ധിച്ചും പ്രതിപക്ഷനിരയില്‍ അഭിപ്രായഭിന്നതയുണ്ട്. എന്തായാലും സര്‍വസമ്മതനായ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട്. അതേസമയം, ബിഹാര്‍ ഗവര്‍ണറായ കോവിന്ദിനു പിന്തുണനല്‍കുന്നതില്‍ സംസ്ഥാനത്തെ ഭരണകക്ഷിയില്‍ ഭിന്നത നിലനില്‍ക്കുകയാണ്. കോവിന്ദിനെ പിന്തുണയ്ക്കണമെന്നാണ് ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിന്റെ നിലപാടെങ്കില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന് കോവിന്ദിനോട് താല്‍പര്യമില്ല. പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് നിതീഷിന്റെ നിലപാട്. ജെഡിയുവിനുള്ളില്‍ തന്നെയും ഇക്കാര്യത്തില്‍ രണ്ടഭിപ്രായമാണുള്ളത്. മുതിര്‍ന്ന നേതാവ് ശരത് യാദവിന് കോവിന്ദിനെ നിര്‍ത്തിയതില്‍ താല്‍പ്പര്യമില്ലെന്നാണു സൂചന. എന്തായാലും നാളത്തെ യോഗത്തില്‍ പാര്‍ട്ടിയുടെ നിലപാട് മറ്റു പ്രതിപക്ഷകക്ഷികളെ അറിയിക്കുമെന്ന് നിതീഷ് വ്യക്തമാക്കി. ബിഹാറില്‍ ജെഡിയു ആര്‍ജെഡി സര്‍ക്കാരില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന് ഇരുപാര്‍ട്ടികളെയും പിണക്കാനും വയ്യ. കോണ്‍ഗ്രസ്സിന്റെ സാധ്യതാപട്ടികയിലുള്ള മീരാകുമാര്‍ ബിഹാര്‍ സ്വദേശിനിയായതിനാല്‍ ജെഡിയു പിന്തുണച്ചേക്കുമെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. മഹാരാഷ്ട്രക്കാരനായ ഷിന്‍ഡേയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുടെ പിന്തുണ ആര്‍ജിക്കാനാവുമെന്നും പ്രതിപക്ഷം കരുതുന്നു.പ്രതിപക്ഷം ദലിത് സ്ഥാനാര്‍ഥിയെ രംഗത്തിറക്കുകയാണെങ്കില്‍ കോവിന്ദിനെ പിന്തുണയ്ക്കില്ലെന്നാണ് ബിഎസ്പി അധ്യക്ഷ മായാവതിയുടെ നിലപാട്. ബിജെഡിയുടെയും അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗത്തിന്റെയും പിന്തുണ ഇതിനകംതന്നെ ബിജെപി ഉറപ്പാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തെ പ്രധാന മുഖങ്ങളിലൊന്നായ തൃണമൂല്‍ കോണ്‍ഗ്രസ്സും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇവര്‍ നാളത്തെ യോഗത്തില്‍ നിലപാട് അറിയിക്കും.
Next Story

RELATED STORIES

Share it