Flash News

രാഷ്ട്രപതി സ്ഥാനാര്‍ഥി : മോദി സര്‍ക്കാര്‍ കീഴ്‌വഴക്കം അട്ടിമറിച്ചതായി യെച്ചൂരി



തൃശൂര്‍: രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കുന്ന കീഴ്‌വഴക്കം നരേന്ദ്രമോദി സര്‍ക്കാര്‍ അട്ടിമറിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തി ല്‍ ആരോപിച്ചു. തൃശൂര്‍ റീജ്യനല്‍ തിയേറ്ററില്‍ ഇഎംഎസ് സ്മൃതി ദേശീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേന്ദ്രം ഭരിക്കുന്നവര്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതാണ് തന്റെ രാഷ്്ട്രീയാനുഭവം. മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രണ്ടു സര്‍ക്കാരുകളും വാജ്‌പേയിയുടെ സര്‍ക്കാരും അതാണ് ചെയ്തത്. രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ചയും നടത്തും. വിജ്ഞാപനം ഇറക്കുന്നതിനുമുമ്പു തന്നെ അതുണ്ടാവാറുണ്ട്. എന്നാല്‍, വിജ്ഞാപനമിറക്കാന്‍ പോവുന്ന വേളയിലും ഐകകണ്‌ഠ്യേന രാഷ്ട്രപതിയെ തിരഞ്ഞടുക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയകക്ഷികളോട് ആലോചിക്കുന്നതിനുപോലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ഡല്‍ഹിയില്‍ പ്രതിപക്ഷകക്ഷികളുടെ യോഗം ചേരുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ആരുടെയും പേര് പറഞ്ഞിട്ടില്ല. ആരായിരിക്കണം എന്നതെല്ലാം ഇന്നു ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. ഭരണഘടനയുടെ സംരക്ഷകനാവണം രാഷ്ട്രപതി. അതാണ് സിപിഎമ്മിന്റെ നിലപാട്. അതിനര്‍ഥം കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലേറി മൂന്നുവര്‍ഷം പിന്നിട്ടപ്പോള്‍ വാഗ്ദാനങ്ങള്‍ ലംഘിച്ച സര്‍ക്കാരായി മോദിയുടെ സര്‍ക്കാര്‍ മാറി.  ഇപ്പോള്‍ അഴിമതി അധികം വര്‍ഗീയത എന്നതാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it