Flash News

രാഷ്ട്രപതി : മീരാകുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി

രാഷ്ട്രപതി : മീരാകുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി
X


കെ  എ  സലിം

ന്യൂഡല്‍ഹി: മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാര്‍ഥിയാവും. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദലിത് വിഭാഗത്തില്‍നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി രാംനാഥ്  കോവിന്ദിനെതിരേ അതേ സമുദായത്തില്‍നിന്നുള്ള മീരാകുമാറിനെ മല്‍സരിപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. തീരുമാനം ഐകകണ്‌ഠ്യേനയായിരുന്നുവെന്ന് യോഗശേഷം കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ദലിത് നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ജഗ്ജീവന്‍ റാമിന്റെ മകളായ മീരാകുമാര്‍ ബിഹാറിലാണ് ജനിച്ചത്. രാജ്യത്തെ ആദ്യ വനിതാ പാര്‍ലമെന്റ് സ്പീക്കറാണ്. നിയമബിരുദധാരിയായ മീരാകുമാര്‍ അറിയപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥ കൂടിയാണ്. രാംവിലാസ് പാസ്വാനെയും മായാവതിയെയും പരാജയപ്പെടുത്തി ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്ന് 1985ലാണ് ആദ്യമായി മീരാകുമാര്‍ ലോക്‌സഭയിലെത്തുന്നത്. പിന്നീട് തുടര്‍ച്ചയായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 1999ല്‍ ബിജെപി അധികാരത്തിലേറിയ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. എന്നാല്‍ 2004, 2009 പൊതുതിരഞ്ഞെടുപ്പുകളില്‍ അവര്‍ വീണ്ടും വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയോട് പരാജയപ്പെട്ടു. 2009 മുതല്‍ 2014 വരെയാണ് മീരാകുമാര്‍ ലോക്‌സഭ നിയന്ത്രിച്ചത്. പാര്‍ലമെന്റ് ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ 17 പാര്‍ട്ടികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it