Flash News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : ബിജെപി സമിതി വെള്ളിയാഴ്ച സോണിയയെ കാണും



ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സമവായമുണ്ടാക്കുന്നതിന്റെ ഭാഗമായി ബിജെപി നേതാക്കളുടെ മൂന്നംഗ സമിതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. തുടര്‍ന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരിയെയും സമിതി കാണും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു എന്നിവര്‍ ചേര്‍ന്നതാണ് സമിതി.വിഷയത്തില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലുമായും ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്രയുമായും നായിഡു നേരത്തേ സംസാരിച്ചിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ സംയുക്ത പ്രതിപക്ഷത്തിന്റെ പത്തംഗ ഉപസമിതി ഇന്നലെ ചര്‍ച്ച ചെയ്തു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിന്റെ ചേംബറിലായിരുന്നു ചര്‍ച്ച. ഉപസമിതിയുടെ ആദ്യയോഗമായിരുന്നു ഇന്നലെ നടന്നത്. യോഗത്തില്‍ ആരുടെയും പേര് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് കണ്ടെത്താനായിരിക്കും ആദ്യ ശ്രമം. അത് പരാജയപ്പെടുന്നുവെങ്കില്‍ ഭരണപക്ഷത്തിനെതിരേ പ്രതിപക്ഷത്തിന് സ്വന്തം സ്ഥാനാര്‍ഥിയുണ്ടാവും.
Next Story

RELATED STORIES

Share it