Flash News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 17ന്‌



കെ  എ  സലിം

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 17ന് നടക്കും. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. വിജ്ഞാപനം ഈ മാസം 14ന് ഇറങ്ങുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ നസീം സെയ്ദി  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 28 വരെ സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന 29നും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ജൂലൈ ഒന്നുമാണ്.  അടുത്ത മാസം 20നാണ് വോട്ടെണ്ണല്‍. ജൂലൈ 25നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്. അതിനാല്‍ നടപടിക്രമങ്ങള്‍ 24നു മുമ്പ് പൂര്‍ത്തിയാക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനപ്രതിനിധികള്‍ക്ക് വിപ്പ് നല്‍കാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. ലോക്‌സഭാ സെക്രട്ടറി ജനറലാണ് റിട്ടേണിങ് ഓഫിസര്‍. അതതു നിയമസഭാ സെക്രട്ടറിക്കോ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കോ ആണ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ചുമതല. സംസ്ഥാന ലെജിസ്‌ലേറ്റീവ് സെക്രട്ടേറിയറ്റ് സെക്രട്ടറി വി കെ ബാബുപ്രകാശ്, ജോയിന്റ് സെക്രട്ടറി ശൈല എന്നിവര്‍ക്കാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതല. കേരള നിയമസഭയുടെ രണ്ടാംനിലയില്‍ 604ാം നമ്പര്‍ മുറിയാണ് സംസ്ഥാനത്തെ പോളിങ് ബൂത്ത്. ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പട്ട അംഗങ്ങളടങ്ങിയ ഇലക്ടറല്‍ കോളജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ലോക്‌സഭയില്‍ നിലവിലുള്ള 543 അംഗങ്ങള്‍, രാജ്യസഭയിലെ 233, നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4120 എംഎല്‍എമാര്‍ എന്നിങ്ങനെ 4,896 ജനപ്രതിനിധികള്‍ക്കാണ് വോട്ടവകാശമുള്ളത്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങള്‍ക്കും സംസ്ഥാനങ്ങളിലെ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും വോട്ടവകാശമില്ല. ലോക്‌സഭ, രാജ്യസഭ എംപിമാരുടെ വോട്ട്മൂല്യം 708 ആണ്. എംഎല്‍എമാര്‍ക്ക് അവരുടെ സംസ്ഥാനത്തെ ജനസംഖ്യ പരിഗണിച്ചാണ് വോട്ട് മൂല്യം കണക്കാക്കുക. കേരളത്തിന്റെ മൂല്യം 152 ആണ്. ഇലക്ടറല്‍ കോളജ് രഹസ്യ വോട്ടെടുപ്പിലൂടെയാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. വിജയിക്കാന്‍ 5,49,001 വോട്ടാണ് ലഭിക്കേണ്ടത്. 15 കക്ഷികളുള്ള എന്‍ഡിഎക്ക് 5,27,371 വോട്ട് മൂല്യം (48 ശതമാനം) ഉണ്ട്. അഞ്ചു കക്ഷികളുള്ള യുപിഎക്ക് 1,73,849ഉം (16 ശതമാനം) യുപിഎയില്‍ പെടാത്ത ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികള്‍ക്ക്  2,60,392ഉം (23 ശതമാനം) എന്‍ഡിഎയില്‍ പെടില്ലെങ്കിലും ബിജെപിയെ പരസ്യമായി എതിര്‍ക്കാത്ത പാര്‍ട്ടികള്‍ക്ക്  1,33,907ഉം (12.2 ശതമാനം) വോട്ട് മൂല്യമുണ്ട്.
Next Story

RELATED STORIES

Share it