Flash News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു



ന്യൂഡല്‍ഹി: രാഷ്ട്രപതിസ്ഥാനത്തേക്കുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി മീരാകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്നലെ രാജ്ഘട്ടിലെ മാഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തിലെത്തി പ്രാര്‍ഥിച്ച ശേഷം 11.30നാണ് ലോക്‌സഭാ സെക്രട്ടറി ജനറല്‍ മുമ്പാകെ അവര്‍ പത്രിക നല്‍കിയത്. നാല് സെറ്റ് പത്രികകളാണ് മീരാകുമാര്‍ സമര്‍പ്പിച്ചത്. അധ്യക്ഷ സോണിയാഗാന്ധി, മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, ഡെറിക് ഒബ്രിയന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), ശരത്പവാര്‍ (എന്‍സിപി), സീതാറാം യെച്ചൂരി (സിപിഎം), ഡി രാജ (സിപിഐ), മായാവതി (ബിഎസ്പി), കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അശോക് ഗെഹ്‌ലോട്ട്, സി പി ജോഷി, രാജീവ് ശുക്ല, സചിന്‍ പൈലറ്റ്, രാജ് ബബ്ബാര്‍, അശോക് തന്‍വാര്‍, ദീപേന്ദര്‍സിങ് ഹൂഡ എന്നിവരും ചടങ്ങിനെത്തിയിരുന്നു. മഹാത്മാഗാന്ധി ഏതൊരുകാര്യത്തിനു വേണ്ടിയാണോ പോരാടിയത് അതേ ലക്ഷ്യത്തിനു വേണ്ടിയാണ് തങ്ങളും പോരാടുന്നതെന്നു മീരാകുമാര്‍ പറഞ്ഞു. പത്രികകളില്‍ സൂക്ഷ്മപരിശോധന ഇന്നു നടക്കും. ബിജെപി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ഈ മാസം 23ന് പത്രിക സമര്‍പ്പിച്ചിരുന്നു. ഇരുവരുടേതും ഉള്‍പ്പെടെ ഒരുഡസനിലേറെ പത്രികകളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനു ലഭിച്ചത്. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ മറ്റുള്ളവ തള്ളുമെന്ന് ഉറപ്പാണ്. നിതീഷ് സര്‍ക്കാരില്‍ കക്ഷിയായ ആര്‍ജെഡി നേതാവ് ലാലുപ്രസാദ്  പ്രതിപക്ഷനിരയോടൊപ്പം ചേരാത്തതും ശ്രദ്ധിക്കപ്പെട്ടു. നാളെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മീരാകുമാര്‍ ഗുജറാത്ത് സന്ദര്‍ശിക്കും.
Next Story

RELATED STORIES

Share it