Flash News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : എന്‍സിപി നിലപാട് വ്യക്തമാക്കിയില്ല ; ബിഎസ്പി പിന്തുണ മീരാകുമാറിന്‌



ലഖ്‌നോ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാകുമാറിനെ ബിഎസ്പി പിന്തുണയ്ക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെക്കാള്‍ കാര്യശേഷിയും ജനകീയതയും മീരാകുമാറിനാണെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തോട് ക്രിയാത്മക നിലപാടാണ് തന്റെ പാര്‍ട്ടിക്കെന്ന് മായാവതി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയമില്ലാത്ത ദലിത് സ്ഥാനാര്‍ഥിയെ എന്‍ഡിഎ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ഇന്നലെ ചേര്‍ന്ന പ്രതിപക്ഷ യോഗത്തില്‍ എന്‍സിപി പങ്കെടുത്തെങ്കിലും തങ്ങളുടെ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. യോഗത്തിനു മുന്നോടിയായി ശരത്പവാറുമായി ഗുലാംനബി ആസാദും അഹമ്മദ് പട്ടേലും ചര്‍ച്ചനടത്തിയിരുന്നു.കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഡോ. മന്‍മോഹന്‍ സിങ്, ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, എന്‍സിപി നേതാവ് ശരത്പവാര്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, രാംഗോപാല്‍ യാദവ് (എസ്പി), ഡെറിക് ഒബ്രെയ്ന്‍ (തൃണമൂല്‍), സതീഷ് മിശ്ര (ബിഎസ്പി), മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും ബിഎസ്പി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്,  കേരളാ കോണ്‍ഗ്രസ്, ആര്‍എസ്പി, ജെഡിഎസ്, ജെഎംഎം, എഐയുഡിഎഫ് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു.എന്‍ഡിഎ മുന്നണിക്കു പുറമെ തമിഴ്‌നാട്ടിലെ എഐഡിഎംകെ പുരട്ചി തലൈവി വിഭാഗം എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ സെല്‍വം അറിയിച്ചു. ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ കോവിന്ദിന് പിന്തുണ തേടിയിരുന്നു. ബിഹാറിലെ ജെഡിയുവും പിന്തുണ പ്രഖ്യാപിച്ചതിനാല്‍ 60 ശതമാനത്തോളം വോട്ടുകള്‍ നേടി കോവിന്ദ് നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണ്. അതേസമയം, എന്‍ഡിഎയിലേക്ക് തിരിച്ചുപോക്കിലെന്ന് ജെഡിയു വ്യകതമാക്കി. കോവിന്ദിനെ പിന്തുണയ്ക്കാനുള്ള തീരുമാനം ഒറ്റപ്പെട്ടതാണെന്ന് ജെഡിയു ദേശീയ വക്താവ് കെ സി ത്യാഗി പട്‌നപറഞ്ഞു. മുന്‍ ബിഹാര്‍ ഗവര്‍ണറായ കോവിന്ദ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക പങ്കാണ് വഹിച്ചത്. അതു കൊണ്ടാണ് അദ്ദേഹത്തെ ജെഡിയു പിന്തുണയ്ക്കുന്നത്. രാംനാഥ് കോവിന്ദിന് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ വിശദീകരണം.
Next Story

RELATED STORIES

Share it