Flash News

രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ഭിന്നത : വീരേന്ദ്രകുമാറിനെ ഇടതുപക്ഷത്ത് എത്തിക്കാന്‍ സിപിഎം



കെ  പി  ഒ  റഹ്മത്തുല്ല

മലപ്പുറം: നേരത്തേ മുന്നണി വിട്ട എം പി വീരേന്ദ്രകുമാറിനെയും പ്രവര്‍ത്തകരെയും രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനതാദള്‍(യു)വില്‍ ഉണ്ടായ ഭിന്നത മുതലെടുത്ത് എല്‍ഡിഎഫിലേക്കെത്തിക്കാന്‍ സിപിഎം രഹസ്യ നീക്കം. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്ന് ദേശീയാധ്യക്ഷന്‍ ശരത് യാദവിനെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെയും വീരേന്ദ്രകുമാര്‍ അറിയിച്ചതാണ് സിപിഎമ്മിന്റെ ശ്രമത്തിന് ആക്കംകൂട്ടിയത്. നിതീഷ്‌കുമാര്‍ രാംനാഥ് കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് വീരനൊപ്പം നില്‍ക്കുന്നവര്‍ വ്യക്തമാക്കിയ സാഹചര്യവും മുതലെടുക്കാനാണ് സിപിഎം ശ്രമം. വീരേന്ദ്രകുമാറുമായി ജനതാദള്‍ (എസ്) നേതാക്കളായ കെ കൃഷ്ണന്‍കുട്ടിയും സി കെ നാണുവും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണു വിവരം. ദേശീയനേതൃത്വം ബിജെപി സ്ഥാനാര്‍ഥിക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയാല്‍ തങ്ങള്‍ അവരോടൊപ്പം ഉണ്ടാവില്ലെന്ന് വീരേന്ദ്രകുമാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. യുഡിഎഫിലെ മിത്രം എന്നാണ് ജനതാദള്‍(യു)വിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചത്. പിണറായി വിജയനും വീരേന്ദ്രകുമാറിന്റെ മടങ്ങിവരവിന് അനുകൂലമാണെന്നാണു സൂചന. രാഷ്ട്രപതി തിരഞ്ഞെടുപ്പു കഴിയുന്നതോടെ വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലെത്തുമെന്ന് ഒരു ഉന്നത ഇടതുപക്ഷ നേതാവ് തേജസിനോട് പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി ബന്ധത്തിന്റെ പേരിലാണ് വീരേന്ദ്രകുമാറും കൂടെയുള്ളവരും ദേവഗൗഡയെ വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയത്. അതേ അവസ്ഥയാണ് ഇപ്പോള്‍ വീരേന്ദ്രകുമാറും കൂട്ടരും വീണ്ടും അഭിമുഖീകരിക്കുന്നത്.  യുഡിഎഫി ല്‍ അവഗണന സഹിച്ചു കഴിയേണ്ടതില്ലെന്നു കഴിഞ്ഞ ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇടപെട്ടാണ് കഴിഞ്ഞ കുറച്ചുകാലമായി വീരേന്ദ്രകുമാറിനെയും കൂട്ടരെയും യുഡിഎഫില്‍ പിടിച്ചുനിര്‍ത്തിയത്.
Next Story

RELATED STORIES

Share it