kozhikode local

രാഷ്ട്രപതിക്കുള്ള ഭീമഹരജി: ജില്ലയില്‍ നിന്ന് അരലക്ഷം ഒപ്പുകള്‍ സമാഹരിക്കും

കോഴിക്കോട്: പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള ജനകീയ ഭീമഹരജിയില്‍ ജില്ലയില്‍ നിന്ന് അരലക്ഷം ഒപ്പുകള്‍ സമാഹരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍ അറിയിച്ചു.
സാമൂഹ്യമായും സാമ്പത്തികമായും കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട പട്ടികജാതിപട്ടികവര്‍ഗ ജനസമൂഹങ്ങള്‍ക്കെതിരിലുള്ള പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും തടയിടുക എന്ന ഉദ്ദേശ്യത്തോടെയാണ് 1989 ല്‍ പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം നിലവില്‍  വരുന്നത്. സാങ്കേതികമായി ഈ നിയമം നിലവിലുണ്ടെങ്കിലും അധികാരവും സ്വാധീനവും ഉപയോഗപ്പെടുത്തി ഭൂരിഭാഗം കേസുകളും തേച്ചു മായ്ച്ചു കളയുകയാണ്.എങ്കിലും പട്ടികജാതി പട്ടികവര്‍ഗ ജനസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഈ നിയമ പരിരക്ഷ രാജ്യത്തെ നിയമസംവിധാനത്തിനകത്ത് അതിക്രമങ്ങള്‍ക്കെതിരില്‍ പോരാടുവാനുള്ള ആയുധവും അത്താണിയും ആയിരുന്നു.  എന്നാല്‍ 2018 മാര്‍ച്ച് 20 ന് സുപ്രീംകോടതി പ്രസ്തുത നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു വിധിപ്രസ്താവം നടത്തിയിരിക്കുകയാണ്.
രാജ്യത്തെ എസ്‌സിഎസ്ടി സാമൂഹിക ജനവിഭാഗങ്ങള്‍ക്ക് നിയമപരമായ പരിരക്ഷയൊരുക്കിയ ഒരു നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന  വിധിപ്രസ്താവം ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ വിഷയത്തെ അതീവ ലാഘവത്തോടെയാണ് സമീപിച്ചിരിക്കുന്നത്. നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രാഷ്ട്രപതിക്ക് ജനകീയ ഭീമഹരജി സമര്‍പ്പിക്കാന്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തീരുമാനിച്ചു.
Next Story

RELATED STORIES

Share it