Flash News

രാഷ്ട്രനീതികൊണ്ട് ദൈവനീതി അളക്കരുത്: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: വിവാദ സിറോ മലബാര്‍ സഭാ ഭൂമിയിടപാടിനെയും കോടതി ഇടപെടലുകളെയും പരാമര്‍ശിച്ചു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിവാദ ദുഃഖവെള്ളി സന്ദേശം. രാഷ്ട്രത്തിന്റെ നിയമങ്ങള്‍വച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് ദുഖഃവെള്ളി പ്രാര്‍ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. വിശ്വാസിയായ ആള്‍ സഭാ നിയമങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുക എന്നത് പൗരന്റെ കടമയാണ്.
എന്നാല്‍ വിശ്വാസി ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയെ നിയന്ത്രിക്കാന്‍ കോടതി വിധികൊണ്ടാവുമെന്ന് കരുതുന്നവരുണ്ടെന്നും അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ആലഞ്ചേരി പറഞ്ഞു. രാഷ്ട്രത്തിന്റെ നീതികൊണ്ട് ദൈവത്തിന്റെ നീതി അളക്കുന്നത് തെറ്റാണ്.
കുരിശില്‍ കിടക്കുന്നത് നീതിമാനാണെന്നും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാകണം എന്ന ചിന്ത സഭയിലെ പലര്‍ക്കും ഉണ്ടെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറ്റപ്പെടുത്തി. വിവാദ ഭൂമി ഇടപാടില്‍ ആലഞ്ചേരിക്കെതിരേ കേസെടുക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കര്‍ദിനാളിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തില്‍ കര്‍ദിനാളിന്റെ വിവാദ പരാമര്‍ശം വന്നിരിക്കുന്നത്. തെറ്റു പറ്റിയെന്ന് നേരത്തേ സമ്മതിച്ച കര്‍ദിനാളിന്റെ ഇപ്പോഴത്തെ നിലപാടുമാറ്റവും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it