രാഷ്ട്രകവി ഗോവിന്ദപൈക്ക് സ്മാരകമന്ദിരം

അബ്ദുര്‍ റഹ്മാന്‍ ആലൂര്‍

മഞ്ചേശ്വരം: രാഷ്ട്രകവി ഗോവിന്ദപൈക്ക് കേരള-കര്‍ണാടക സര്‍ക്കാരുകളുടെയും മുന്‍കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലിയുടെയും സാമ്പത്തിക സഹായത്തോടെ സ്മാരകമന്ദിരം ഒരുങ്ങി. അടുത്തമാസം ആറിന് കേന്ദ്രം ഉദ്ഘാടനം ചെയ്യും. ഭാഷാസംസ്‌കാരങ്ങളുടെ സംഗമഭൂമിയായ മഞ്ചേശ്വരത്ത് ജനിച്ചുവളര്‍ന്ന ഗോവിന്ദപൈയുടെ കൃതികള്‍ ഇന്നും ഏറെ പ്രസക്തമാണ്. 1883 മാര്‍ച്ച് 28നാണ് കവി ജനിച്ചത്. 1963 സപ്തംബര്‍ ഒമ്പതിനാണ് നിര്യാതനായത്. കവിയുടെ 133ാം ജന്മദിനത്തിന്റെ ഭാഗമായാണ് ഗിളിവിണ്ടു പ്രൊജക്ട് (ഗോവിന്ദപൈ സ്മാരക മന്ദിരം) സ്ഥാപിച്ചത്.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും എംപിയുമായ എം വീരപ്പമൊയ്‌ലിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് പദ്ധതി നടപ്പാവുന്നത്. ഇദ്ദേഹത്തിന്റെ മാതാവ് മഞ്ചേശ്വരം സ്വദേശിനിയായിരുന്നു. ആ ബന്ധം വച്ചാണ് കര്‍ണാടക സ്വദേശിയായ വീരപ്പമൊയ്‌ലി കഴിഞ്ഞ യുപിഎ സര്‍ക്കാറില്‍ കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ ഗോവിന്ദപൈക്ക് ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഒരു തേയില കമ്പനി രണ്ട് കോടിയോളം രൂപയാണ് ഇതിനുവേണ്ടി അനുവദിച്ചത്. കവിയുടെ കവിതകളായ ഗിളിവിണ്ടു, വൈശാഖ്, ഹെബ്ബറളു എന്നിവ ഉള്‍ക്കൊള്ളിച്ചാണ് ഗിളിവിണ്ടു എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചത്.
കാസര്‍കോടിന്റെ പ്രത്യേക കലാരൂപമായ യക്ഷഗാനത്തിന്റെ പഠന ഗവേഷണ കേന്ദ്രം ഇവിടെ പാര്‍ഥിസുബ്ബ യക്ഷതേഗുള എന്ന പേരില്‍ കവിയുടെ ഭവനത്തില്‍ ആരംഭിക്കുന്നുണ്ട്. കവിയുടെ കൃതികള്‍ പഠിക്കുന്നതിനായി പഠനകേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ഗോവിന്ദപൈയുടെ മുഴുവന്‍ കവിതകളും ഇപ്പോള്‍ ഉഡുപ്പിയിലാണുള്ളത്. ഇത് ഡിജിറ്റലൈസ് ചെയ്ത് കവിഭവനത്തില്‍ സൂക്ഷിക്കും. ഇതിനടുത്തുതന്നെ വൈശാഖ്, സാഗേത്, ആനന്ദ ഘട എന്നീ പേരുകളില്‍ വിശ്രമമന്ദിരവും സ്ഥാപിച്ചിട്ടുണ്ട്.
കവിയുടെ പഴയവീട് പൊളിച്ചുമാറ്റാതെ പഴയ രൂപത്തില്‍ പുതുക്കിപ്പണിതിട്ടുണ്ട്. കേരള-കര്‍ണാടക സര്‍ക്കാറുകള്‍ 50 ലക്ഷം രൂപ വീതമാണ് ഈ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. എന്നാല്‍, കേരള സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇപ്രാവശ്യത്തെ ബജറ്റിലും കവി ഭവനത്തിന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതിയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. തുളു അക്കാദമിയുടെ സഹകരണവും ലഭിക്കുന്നുണ്ട്.
മാര്‍ച്ച് ആറിന് കര്‍ണാടക, കേരള മുഖ്യമന്ത്രിമാര്‍, വീരപ്പമൊയ്‌ലി എംപി തുടങ്ങിയവര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ വച്ച് ഗിളിവിണ്ടു പദ്ധതി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it