രാമായണ മാസാചരണം: സിപിഎം നിലപാടിനെതിരേ കാനം

ചക്കരക്കല്‍ (കണ്ണൂര്‍)/തിരുവനന്തപുരം: അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്ര നടത്തിയതിനു പിന്നാലെ രാമായണമാസം ആചരിക്കാനുള്ള സിപിഎം നിലപാടിനെതിരേ പരോക്ഷ വിമര്‍ശനവുമായി സിപിഐ.
വര്‍ഗീയവാദികള്‍ ചെയ്യുന്നത് വികലമായി അനുകരിക്കരുതെന്നും മതനിരപേക്ഷതയുടെ ബദല്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്‍ ഇ ബല്‍റാം, പി പി മുകുന്ദന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ ദര്‍ശനങ്ങള്‍ ദൈവവിശ്വാസത്തിലൂന്നി മാത്രമാണെന്നു വാദിക്കുന്നവരെ ഭാരതീയ ദര്‍ശനങ്ങളിലെ തെളിവുകള്‍ നിരത്തി എതിര്‍ത്തു പരാജയപ്പെടുത്താനാവും. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഇല്ലാതാക്കാന്‍ മനുസ്മൃതി പോലുള്ളവ ഉയര്‍ത്തിപ്പിടിക്കുന്ന ഇക്കാലത്ത് ചരിത്രം പൂര്‍ണമായി മനസ്സിലാക്കണം. ചാതുര്‍വര്‍ണ്യമെന്ന ആശയമാണ് ഹിന്ദുത്വര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതിന് ബദല്‍ ഉയര്‍ത്തുക എന്നതാണ് നമ്മുടെ ചുമതല.
എന്നാല്‍, വര്‍ഗീയവാദികള്‍ ചെയ്യുന്നത് വികലമായി അനുകരിക്കുകയാണു ചിലര്‍. ഇതുവഴി മനുഷ്യരെ രക്ഷിക്കാന്‍ സാധിക്കില്ല. പെരുമാള്‍ മുരുകനെതിരായ ആക്രമണത്തിന് സമാനമായ സംഭവമാണ് “മീശ’ എന്ന നോവലിനെതിരായ സംഘപരിവാര ഭീഷണി. നാം പുരോഗമിച്ചെന്നു പറയുമ്പോഴും സമൂഹം മുമ്പോട്ടാണോ പിറകോട്ടാണോ പോവുന്നതെന്ന് ചിന്തിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എന്‍ ചന്ദ്രന്‍ അധ്യക്ഷനായി. നോവലിസ്റ്റ് ഹരീഷിനും കുടുംബത്തിനും എതിരായ സംഘപരിവാര ഭീഷണി ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള സംഘടിത ആക്രമണമാണെന്നും കാനം പറഞ്ഞു. സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരേ സംഘപരിവാരം രാജ്യമെങ്ങും പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ ഭാഗമാണ് ഹരീഷിനെതിരായ ഭീഷണി. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് അഭിപ്രായപ്രകടനങ്ങളെ വിലക്കാനാണു ശ്രമം. ഇത്തരം ഹീനനീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം വളര്‍ത്തിക്കൊണ്ടുവരണമെന്നും കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it