രാമായണ മാസാചരണം: ഒടുവില്‍ കോണ്‍ഗ്രസ്സും പിന്മാറി

തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഒടുവില്‍ കോണ്‍ഗ്രസും പിന്മാറി. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്നാണിത്. രാമായണമാസം ആചരിക്കുന്നതിനെതിരേ കെ മുരളീധരന്‍ എംഎല്‍എയും കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനും രംഗത്തുവന്നതിന് പിന്നാലെയാണു തീരുമാനം.
രാമായണ പാരായണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.
രാമനെ ചൂഷണം ചെയ്തത് ബിജെപിക്കാരാണ്. അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടെന്നും സുധീരന്‍ വ്യക്തമാക്കി. വിശ്വാസം വ്യക്തികളുടെ കാര്യമാണെന്നും അതു വ്യക്തികള്‍ക്കു തന്നെ വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗമെന്നും നാലു വോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുതെന്നുമായിരുന്നു കെ മുരളീധരന്റെ പ്രസ്താവന. രാഷ്ട്രീയകാര്യ സമിതിയിലോ നിര്‍വാഹക സമിതിയിലോ ഇത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയിലുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സിലെ മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ തന്നെ പരസ്യമായി രംഗത്തുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാവുകയായിരുന്നു. 'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിലായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.
രാമായണത്തിന്റെ 'കോണ്‍ഗ്രസ് പാരായണം' പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യാനും.  ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തുന്നതിനുമായിരുന്നു തീരുമാനം. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത മൂലം പരിപാടി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദി വസം സിപിഎമ്മും രാമായണമാസം ആചരിക്കുന്നതായി വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് നിഷേധക്കുറിപ്പുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it