kannur local

രാമപുരത്ത് കുന്നുകള്‍ വ്യാപകമായി ഇടിച്ചുനിരത്തുന്നു

പഴയങ്ങാടി: കേരളം ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതിക ആഘാതത്തില്‍ പകച്ചുനില്‍ക്കെ ചെറുതാഴം പഞ്ചായത്തിലെ രാമപുരത്ത് കുന്നുകള്‍ വ്യാപകമായി ഇടിച്ചുനിരത്തുന്നു. അവധിദിവസങ്ങള്‍ നോക്കിയാണ് കുന്നിടിച്ച് വാഹനങ്ങളില്‍ ലോഡുകണക്കിന് ചരല്‍മണ്ണ് കടത്തുന്നത്. പരിശോധന പേരിനുപോലുമില്ല.
പരിശോധനയ്ക്കു റവന്യൂ, ജിയോളജി വകുപ്പ് അധികൃതര്‍ ഉണ്ടാവില്ലെന്ന ഉറപ്പില്‍ വയല്‍നികത്താനും കുന്നിടിക്കാനും രണ്ടാം ശനി, ഞായര്‍ ദിവസങ്ങളും പൊതുഅവധി ദിനങ്ങളുമാണു പ്രധാനമായും തിരഞ്ഞെടുക്കുന്നത്. മറ്റു ദിവസങ്ങളിലും ടിപ്പര്‍ലോറികളുടെ ഓട്ടം കുറവല്ല. കെഎസ്ടിപി റോഡ് വികസനത്തിനു വേണ്ടി നേരത്തെ ഇവിടെ കുന്നിടിച്ചിരുന്നു. എന്നാല്‍ റോഡ് പണി പൂര്‍ത്തിയായിട്ടും ഇതിന്റെ മറവില്‍ കുന്നിടിക്കല്‍ തുടരുകയാണ്. ഈ മണ്ണ് തണ്ണീര്‍ത്തടങ്ങള്‍ നികത്താനാണ് ഏറെയും ഉപയോഗിക്കുന്നതെന്നാണ് ആരോപണം.
ഇതിനെതിരേ നാട്ടുകാര്‍ പലവട്ടം അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയില്ല. വില്ലേജ് ഓഫിസില്‍ രഹസ്യമായി പരാതിപ്പെടുന്നവരുടെ പേരുവിവരം വില്ലേജ് അധികൃതര്‍ ഭൂവുടമകള്‍ക്ക് കൈമാറുന്നതായും ആക്ഷേപമുണ്ട്. മഴവെള്ളം സംഭരിക്കപ്പെടുന്ന കുന്നുകള്‍ ഇടിച്ചുനിരത്തുന്നതിനും വയലുകള്‍ നികത്തുന്നതിനുമെതിരേ കണ്ണടക്കുകയാണ് അധികൃതര്‍. ജലസംരക്ഷണം പ്രായോഗികമാകണമെങ്കില്‍ ഇത്തരം പ്രകൃതിചൂഷണം ആദ്യം തടയണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

Next Story

RELATED STORIES

Share it