malappuram local

രാമന്‍ചാടി ശുദ്ധജല പദ്ധതി റിപോര്‍ട്ട് നാളെ സമര്‍പ്പിക്കും

നഹാസ് എം നിസ്താര്‍

മലപ്പുറം: ഒരു നഗരത്തില്‍ പൂര്‍ണമായും ശുദ്ധജലം നല്‍കുന്ന ജില്ലയിലെ ആദ്യ പദ്ധതിക്ക് അന്തിമരൂപമായി. കുന്തിപ്പുഴയിലെ വെള്ളമാണ് പെരിന്തല്‍മണ്ണ നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ഉപയോഗപ്പെടുത്തുന്നത്. പദ്ധതിയുടെ സാങ്കേതിക റിപോര്‍ട്ട് നാളെ സമര്‍പ്പിക്കും. പ്രതിദിനം 190 ലക്ഷം ലിറ്റര്‍ ശുദ്ധജലം ഉറപ്പാക്കുന്ന രാമന്‍ചാടി കുടിവെള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ പൂര്‍ത്തിയായി.
90 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിയുടെ വിശദ റിപോര്‍ട്ട് (ഡിപിആര്‍) മൂന്ന് പാക്കേജുകളാക്കി തയ്യാറാക്കും. 30 കോടി ചെലവ് വരുന്ന രാമന്‍ചാടിയിലെ കിണര്‍, 300 എച്ച്പിയുടെ മൂന്ന് പമ്പു സെറ്റുകള്‍, ഒന്നര കിലോമീറ്റര്‍ പമ്പിങ് സംവിധാനം, ട്രാന്‍സ്‌ഫോമര്‍, മോട്ടോര്‍ പുര അനുബന്ധ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ എന്നിവയാണ് ഒരു പാക്കേജ്. ട്രീറ്റ്‌മെന്റ് പ്ലാന്റ്,  ബൂസ്റ്റര്‍ സ്റ്റേഷന്‍, 160 മീറ്റര്‍ പമ്പിങ് മെയിന്‍ എന്നിവയടങ്ങുന്ന 20 കോടി രൂപ ചെലവ് വരുന്നതാണ് രണ്ടാം പാക്കേജ്. നഗരസഭയിലെ 100 കിലോമീറ്റര്‍ വിതരണ ശൃംഖല പൂര്‍ണമായും നവീകരിക്കുന്നതാണ് മൂന്നാം പാക്കേജ്. ഇതിന് 40 കോടി രൂപയാണ് വകയിരുത്തുക. പദ്ധതി അതിവേഗം പൂര്‍ത്തികരിക്കാന്‍ സമയബന്ധിതമായ പ്രവര്‍ത്തന കലണ്ടറിനും രൂപം നല്‍കിയതായി പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലീം അറിയിച്ചു.
ഡിസംബര്‍ 26ന് പ്രാഥമിക സാങ്കേതിത റിപോര്‍ട്ട് (പിഇആര്‍) വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. പിറ്റേന്ന് പിഇആര്‍ ഭരണാനുമതിക്കായി വാട്ടര്‍ അതോറിറ്റി എംഡി സര്‍ക്കാരിന് കൈമാറും. പുതുവര്‍ഷത്തില്‍ ജനവരി 15 നകം വിശദ പദ്ധതി റിപോര്‍ട്ട് (ഡിപിആര്‍) സര്‍ക്കാരിന്  സമര്‍പ്പിക്കാനാണ് തീരുമാനം. ഫെബ്രുവരിയില്‍ ഭരണസാങ്കേതിക അനുമതികള്‍ നേടി മാര്‍ച്ചില്‍ പ്രവൃത്തി തുടങ്ങുന്ന രൂപത്തില്‍ പ്രവത്തനം ക്രമീകരിക്കും. പദ്ധതിയുടെ സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി പ്രസാദിനെ ചുമതലപ്പെടുത്തി.
പെരിന്തല്‍മണ്ണ നഗര ശുദ്ധജല പദ്ധതി വിപുലീകരിച്ച് 2050 ലെ നഗരത്തിന്റെ ജനസംഖ്യാനുപാതിക ആവശ്യകത കൂടി പരിഗണിച്ച് 19 എംഎല്‍ഡി ശുദ്ധജലവും, അലിഗഡ് കാംപസിന് ആവശ്യമായി വരുന്ന മൂന്ന് എംഎല്‍ഡി ശുദ്ധജലവും ചേര്‍ത്ത് 22 എംഎല്‍ഡി ശേഷിയുള്ള ശുദ്ധീകരണശാല അലിഗഡ് കാംപസ് വിട്ടുനല്‍കുന്ന സ്ഥലത്ത് സ്ഥാപിക്കും. അവിടെ നിന്നു പമ്പ് ചെയ്ത് അലിഗഡ് കാംപസില്‍ നിര്‍മിക്കുന്ന ഉന്നതതല ജലസംഭരണിയിലേക്കും തുടര്‍ന്ന് ഗ്രാവിറ്റി മെയിന്‍ വഴി പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലും വെള്ളമെത്തിക്കും.
പദ്ധതി കാര്യക്ഷമമാക്കാന്‍ നിലവില്‍ നഗരസഭയില്‍ കാലപഴക്കം ചെന്ന് പഴകിയ എസി പൈപ്പ് മുഴുവന്‍ മാറ്റി 100 കിലോമീറ്റര്‍ ദൂരത്തില്‍ വിതരണ ശൃംഖല ജിഐ പൈപ്പാക്കി നവീകരിക്കും. ഇതിനായി തൂതപ്പുഴയിലെ രാമന്‍ചാടിയില്‍ കിണര്‍ സ്ഥാപിച്ച് അവിടെ നിന്നു 1200 മീറ്റര്‍ നീളത്തില്‍ പമ്പിങ് മെയില്‍ സ്ഥാപിച്ച് വെള്ളം ശുദ്ധീകരണ ശാലയില്‍ എത്തിക്കും.
ഏകദേശം 160 മീറ്റര്‍ ഉയരത്തില്‍ വെള്ളം പമ്പ് ചെയ്യേണ്ടി വരുന്നതിനാല്‍ ബൂസ്റ്റര്‍ പമ്പിങ് സ്‌റ്റേഷന്‍ സ്ഥാപിച്ച് രണ്ട് ഘട്ടമായി പമ്പിങ് നടത്താനാണ് ആലോചന.
കഴിഞ്ഞദിവസം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സാനിധ്യത്തില്‍ ജലസേചന വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് 90 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ തീരുമാനം കൈകൊണ്ടത്.
Next Story

RELATED STORIES

Share it