malappuram local

രാമന്‍കുത്ത് സബ്‌വേ രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും

നിലമ്പൂര്‍:  നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ ലൈനില്‍ രാമന്‍കുത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന സബ്‌വേ രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമെന്ന് സതേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രതാപ് സിങ് സമി പറഞ്ഞു. പുതുതായി ചമുതലേ ഏറ്റെടുത്ത അദ്ദേഹം നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. നിലമ്പൂര്‍ റെയില്‍േവ സ്‌റ്റേഷനുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ മനസിലാക്കാനും അവയ്ക്കു പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് മാനേജര്‍ നിലമ്പൂരിലെത്തിയത്. സ്‌റ്റേഷനില്‍ പി വി അബ്ദുല്‍ വഹാബ് എംപിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. രാമന്‍കുത്ത് സബ്‌വേ പദ്ധതി പൂര്‍ത്തിയാക്കാന്‍ നഗരസഭയുടെ വിഹിതമായി പത്തുലക്ഷം ലക്ഷം രൂപ വര്‍ഷങ്ങള്‍ക്കു മുന്‍പ് നഗരസഭ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ പദ്ധതി ഇപ്പോഴും രേഖകളില്‍ തന്നെയാണ്. ഇതിനൊരു പരിഹാരമായി പദ്ധതി രണ്ടുഘട്ടമായി നടപ്പിലാക്കാന്‍ മാനേജര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സമീപ റോഡുള്‍പ്പെടെ രണ്ടരകോടിയോളം രൂപയാണ് ഏകദേശം ചെലവ് കണക്കാക്കുന്നത്. ആദ്യഘട്ട പ്രവര്‍ത്തികള്‍ക്കായി ഒരു കോടിയോളം രൂപ സ്വരൂപിച്ച് നല്‍കാമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി ഉറപ്പ് നല്‍കി. 50 ലക്ഷം രൂപ എംപി ഫണ്ടില്‍ നിന്ന് നല്‍കും. നഗരസഭ പത്തുലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്തത് നിലവില്‍ 12 ലക്ഷം രൂപയായിട്ടുണ്ട്. കൂടാതെ 25 ലക്ഷം രൂപ കൂടി ഈ വര്‍ഷം പദ്ധതിയില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അവശേഷിക്കുന്ന തുക എംഎല്‍എയുടെയോ, മറ്റേതെങ്കിലും ഫണ്ടില്‍ നിന്നോ ഉപയോഗിക്കാമെന്നും പണം സമയത്ത് ലഭ്യമാക്കാമെന്നും വഹാബ് എംപി ഉറപ്പു നല്‍കി.
അതനുസരിച്ച് അടിയന്തിരമായി പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥരും പറഞ്ഞു.എംപിക്കു പുറമെ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, അംഗം മുജീബ് ദേവശ്ശേരി, നിലമ്പൂര്‍-മൈസൂര്‍ കര്‍മസമിതി സെക്രട്ടറി ജോഷ്വാ കോശി, റെയില്‍േവ ഡിവിഷണല്‍ ഫിനാന്‍സ് മാനേജര്‍, ഓപറേഷന്‍സ് മാനേജര്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it