kozhikode local

രാമനാട്ടുകരയിലും പരിസരത്തും സിപിഎം-ബിജെപി സംഘര്‍ഷം

രാമനാട്ടുകര: രാമനാട്ടുകരക്ക് സമീപം മലപ്പുറം ജില്ലയിലെ പുതുക്കോട് ഉണ്ടായ സിപിഎം-ബിജെപി.സംഘര്‍ഷത്തെ തുടര്‍ന്നു രാമനാട്ടുകരയിലും പരിസരപ്രദേശങ്ങളിലും വ്യാപക അക്രമം. സംഘര്‍ഷത്തില്‍ പരിക്കേറ്റ സിപിഎം-ബിജെപി പ്രവര്‍ത്തകരേയും പോലിസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെ അക്രമവും പാര്‍ട്ടി ബോര്‍ഡുകളും കോടിമരങ്ങളും നശിപ്പിച്ചു.
പുതുക്കോട് ബ്രാഞ്ച് കമ്മറ്റി ഓഫിസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിനുമുന്നില്‍ നിന്നാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇന്നലെ ഉച്ചയോടെ ഇവിടെ കാരംസ് കളിച്ചുകൊണ്ടിരുന്നവരെ യാതൊരു പ്രകോപനവുമില്ലാതെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. കളിച്ചു കൊണ്ടിരുന്ന അയ്യപ്പഭക്തരുടെ മാല നശിപ്പിച്ചതായും പറയുന്നു. കല്ലേറില്‍ ഓഫിസിന്റെ ജനല്‍ചില്ലുകളും തകര്‍ന്നു. പുതുക്കോട് അങ്ങാടിയില്‍ ഉണ്ടായിരുന്ന ബിജെപിയുടെ കൊടിമരവും ചില ബോര്‍ഡുകളും നശിപ്പിക്കപെട്ടവയില്‍ പെടുന്നു.
കല്ലേറില്‍ കൊണ്ടോട്ടി എസ്‌ഐ കെ എം സന്തോഷ് കുമാര്‍, എഎസ്‌ഐ മോഹന്‍ ദാസ് എന്നിവര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവത്തകരായ പി മുരളി, കെ ഷിബിന്‍, പി മിഥുന്‍, പ്രവീണ്‍, നിധീഷ്, വിഷ്ണു, ജയന്‍, ബിജെപി പ്രവര്‍ത്തകരായ വൈശാഖ് വിളക്കു തൊടി, ഉണ്ണി മുള്ളാത്തില്‍, പ്രമോദ് താമരത്ത്, വിജയന്‍ താമരത്ത്, ശരോണ്‍ താമരത്ത്, ബിജു കൊടിയേടത്ത്, ഷൈജു പള്ളിയാളി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ അന്വേഷണത്തിനു എത്തിയ സിപിഎം നേതാക്കളായ രാമനാട്ടുകര ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം വിജയന്‍ പി മേനോന്‍, പുല്ലുംകുന്നു ഗിരീഷ് എന്നിവര്‍ക്കും ബിജെപി.നേതാക്കളായ ജിനുല്‍, ബൈജു, ഒ കെ അപ്പുകുട്ടന്‍ എന്നിവരെയും പരിക്കുകളോടെ മെഡിക്കല്‍ കോളേജിലും വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പുതുക്കോട് സംഘര്‍ഷത്തെ തുടര്‍ന്ന് കാരാട്, കൊറ്റമംഗലം, മുട്ടുംകുന്നു പ്രദേശങ്ങളിലും അക്രമം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രതിക്ഷേധിച്ച് രാമനാട്ടുകര മുന്‍സിപ്പാലിറ്റി, വാഴയൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനമുണ്ട് .
Next Story

RELATED STORIES

Share it