Flash News

അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ജയില്‍ മോചിതനായി

അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ജയില്‍ മോചിതനായി
X

ദുബയ്: പ്രമുഖ സ്വര്‍ണ വ്യാപാരി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ സ്ഥിരീകരണമായില്ല. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. 2015 ഓഗസ്തിലാണ് അദ്ദേഹം ദുബയില്‍  ജയിലിലായി. കൂടെ മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചു. മഞ്ജു കടുത്ത ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനും മരുമകന്‍ അരുണും ഇക്കാലമത്രയും ജയില്‍ വാസം അനുഭവിച്ചുവരുകയായിരുന്നു.

ബാങ്കുകളുമായി ഒത്തുതീര്‍പ്പിലെത്തിയെങ്കിലും, സ്വര്‍ണം വാങ്ങാന്‍ വായ്പനല്‍കിയ വ്യക്തി നല്‍കിയ കേസ് മാത്രമാണ് ധാരണയാകാനുണ്ടായിരുന്നത്. അതിലും ധാരണയിലെത്തിയതോടെ മോചനം സാധ്യമായതെന്നാണ് വിവരം. രണ്ട് വര്‍ഷത്തോളമായി സ്വത്തുക്കളെല്ലാം നല്‍കി ജയിലില്‍നിന്ന് അദ്ദേഹത്തെ പുറത്തെത്തിക്കാന്‍ ഭാര്യ ഇന്ദു രാമചന്ദ്രന്‍ ശ്രമിച്ചുവരികയായിരുന്നു. പിന്നീടാണ് കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടത്. ബിസിനസ് വിപുലപ്പെടുത്തുന്നതിനായി വലിയൊരു തുകയാണ് വായ്പയായി അറ്റ്‌ലസ് രാമചന്ദ്രന്‍ വിവിധ ബാങ്കുകളില്‍നിന്നായി എടുത്തത്. അത് പലിശയും മറ്റുമായി വന്‍തുകയായി ഉയര്‍ന്നുകഴിഞ്ഞു.
സ്വത്തുക്കള്‍ ബാങ്കുകളെ ഏല്‍പ്പിച്ച് അവരുടെ കണ്‍സോര്‍ഷ്യം വഴി തുക തിരിച്ചടയ്ക്കാനുള്ള പദ്ധതിയും അവസാനഘട്ടത്തിലാണ്.

2015 ആഗസ്ത 23നാണ് ചെക്കുകള്‍ മടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ ജയിലിലാകുന്നത്. 34 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയതിനെ ത്തുടര്‍ന്നായിരുന്നു ദുബയ് പോലിസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത്. വായ്പയും വാടകക്കുടിശ്ശികയുമെല്ലാമായി ബാധ്യത 600 ദശലക്ഷം ദിര്‍ഹത്തോളമുണ്ടാവും.
Next Story

RELATED STORIES

Share it