രാമക്ഷേത്ര നിര്‍മാണത്തിന്  തിയ്യതി നിശ്ചയിക്കും: വിഎച്ച്പി

മീററ്റ്: ഒരു തിയ്യതി നിശ്ചയിച്ച് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ബാബരി മസ്ജിദ് തകര്‍ച്ചയുടെ 23ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വിഎച്ച്പി പ്രഖ്യാപനം. രാമക്ഷേത്രം നിര്‍മിക്കാമെന്ന വാഗ്ദാനം ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ചെന്ന കാര്യം ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുമെന്ന് വിഎച്ച്പി വക്താവ് സുഭാഷ് മാലിക് വ്യക്തമാക്കി.
ക്ഷേത്രനിര്‍മാണം സംബന്ധിച്ച് ജനുവരിക്കു മുമ്പ് കേന്ദ്രം നിലപാടു വ്യക്തമാക്കിയിട്ടില്ലെങ്കില്‍ വിഎച്ച്പി പ്രക്ഷോഭം ആരംഭിക്കും. മൂന്നിലൊന്ന് ഭൂമിയില്‍ സുന്നി വഖ്ഫ് ബോര്‍ഡിനു നിയന്ത്രണം നല്‍കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം യാഥാര്‍ഥ്യമാക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നു ചര്‍ച്ചചെയ്യും. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ മുഖ്യശില്‍പിയായ അശോക് സിംഗാള്‍ ക്ഷേത്രം യാഥാര്‍ഥ്യമാക്കുന്നതിനു മുമ്പ് മരിച്ചു. മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നര വര്‍ഷമായിട്ടും രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് പുരോഗതി ഒന്നുമുണ്ടായില്ല. സര്‍ക്കാര്‍ ഈ വിഷയത്തിലുള്ള നിലപാടു പോലും വ്യക്തമാക്കിയിട്ടില്ലെന്നും മാലിക് പറഞ്ഞു. വിഎച്ച്പി നേതൃത്വം രാമക്ഷേത്രത്തിന്റെ തിയ്യതി നിശ്ചയിക്കും. ആ സമയത്തിനുള്ളില്‍ ക്ഷേത്രം നിര്‍മിക്കപ്പെടുമെന്നും മാലിക് പറഞ്ഞു.
Next Story

RELATED STORIES

Share it