Idukki local

രാമക്കല്‍മേട്ടില്‍ എത്തുന്ന വിനോദസഞ്ചാരികളെ തടഞ്ഞ് തമിഴ്‌നാട് വനംവകുപ്പ്

നെടുങ്കണ്ടം: രാമക്കല്‍മെട്ടില്‍ എത്തിയ വിനോദസഞ്ചാരികളെ തടഞ്ഞ് തമിഴ്‌നാട് വനംവകുപ്പ്. രാമക്കല്‍മെട്ടില്‍ തമിഴ്‌നാട് വനമേഖലകളിലെക്കെത്തിയ വിനോദസഞ്ചാരികളെയാണ് തമിഴ്‌നാട് വനംവകുപ്പ് തടഞ്ഞത്.
ഇതിനെതിരെ ജനങ്ങളും പ്രദേശത്തെ ജനപ്രതിനിധികളും ഇടപെട്ടതോടെ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു. കുരങ്ങിണിയില്‍ ട്രെക്കിങിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായാണ് വനമേഖലകളിലേക്കെത്തിയ വിനോദ സഞ്ചാരികളെ കടത്തി വിടുന്നതിന് വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ നിയന്ത്രണം എര്‍പ്പെടുത്തുന്നതിന്റെ മറവില്‍ രാമക്കല്‍മെട്ടില്‍ പിടിമുറുക്കാനാണ് തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമമെന്നും ആരോപണം ഉയര്‍ന്നു. കുരങ്ങണിയില്‍ ട്രെക്കിങിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് വനംവകുപ്പ് ട്രെക്കിങിനു കടുത്ത നിയന്ത്രണമാണ് എര്‍പ്പെടുത്തുന്നത്.
കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ രാമക്കല്‍മെട്ട്, കമ്പംമെട്ട്, ബോഡിമെട്ട്, അണക്കരമെട്ട് മേഖലകളിലെ അതിര്‍ത്തി വനപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. രാമക്കല്‍മെട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തുകയും ഈ കാരണം പറഞ്ഞ് തമിഴ്‌നാടിന്റെ വിദൂരദൃശ്യം കാണുന്നതിനായി രാമക്കല്‍മെട്ടിലെത്തിയ ആയിരക്കണക്കിനു സഞ്ചാരികളെ നിരാശപ്പെടുത്തുകയും ആയിരുന്നു.
ഈസ്റ്റര്‍ എത്തിയതോടെ രാമക്കല്‍മെട്ടില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. തുടര്‍ന്ന് ജനങ്ങളുടെയും പ്രദേശത്തെ ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. നിരന്തരമായി തമിഴ്‌നാട് വനംവകുപ്പ് ഉയര്‍ത്തുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ കടുത്ത നടപടി ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്.
അണക്കരമെട്ടില്‍ റവന്യൂ ഭൂമിയില്‍ കടന്നുകയറി തമിഴ്‌നാട് വനംവകുപ്പ് വാച്ച് ടവര്‍ നിര്‍മിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ നടപടികളൊന്നും ജില്ല ഭരണകൂടം സ്വീകരിച്ചിട്ടില്ല. തമിഴ്‌നാട് ഭൂമി കൈയേറി നിര്‍മാണം നടത്തിയിട്ടും സംഭവം പുറത്തുവിടാതെ രഹസ്യമാക്കിവച്ചെന്ന ആരോപണമാണ് റവന്യൂ വിഭാഗത്തിനെതിരെ ഉയരുന്നത്.
Next Story

RELATED STORIES

Share it