Idukki local

രാമക്കല്‍മെട്ടില്‍ മിനി എയര്‍ സ്ട്രിപ് പദ്ധതി വരുന്നു

നെടുങ്കണ്ടം: രാമക്കല്‍മെട്ടില്‍ മിനി എയര്‍ സ്ട്രിപ് സ്ഥാപിക്കുന്നതിനുള്ള പ്രൊജക്ട് തയാറായി. എന്നാല്‍ സ്ഥലം ലഭ്യമല്ലാത്തതു തടസ്സമാകുന്നു.ഡിസ്ട്രിക് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏവിയേഷന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ചെറുവിമാന സര്‍വീസ് നടത്താനുള്ള പദ്ധതിയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.
എന്നാല്‍ സ്ഥലമേറ്റെടുപ്പിന് സാധിക്കാത്തതിനാല്‍ പദ്ധതി മന്ദഗതിയിലാണ്. എയര്‍ സ്ട്രിപ്പിനു നാലേക്കര്‍ സ്ഥലം ആവശ്യമാണ്. എന്നാല്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഇത്രയധികം സ്ഥലത്തിനുള്ള ഉയര്‍ന്നവില നല്‍കേണ്ടി വരും. മാത്രമല്ല സ്ഥലത്തിന്റെ ലഭ്യതയും പ്രശ്‌നമാകുകയാണ്.
അനുയോജ്യമായ സ്ഥലം ലഭിച്ചാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തയാറാണ്. അഞ്ചുപേര്‍ക്കു സഞ്ചരിക്കാവുന്ന ചെറുവിമാനത്തില്‍ തേക്കടി, മൂന്നാര്‍, രാമക്കല്‍മേട്, വാഗമണ്‍, അഞ്ചുരുളി, മലങ്കര തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടൂറിസം സര്‍ക്യൂട്ട് ആണ് ഉദ്ദേശിക്കുന്നത്.
ഇതിനായി ചെറുവിമാനങ്ങള്‍ വാങ്ങാനും പദ്ധതിയിട്ടിരുന്നു.പദ്ധതിയുടെ ആദ്യ റണ്‍വേ രാമക്കല്‍മെട്ടില്‍ പണിയാനും ധാരണയായിരുന്നു. 250 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയുമുള്ള റണ്‍വേയിലാണ് ചെറുവിമാനങ്ങള്‍ ഇറങ്ങുക.
ആകാശത്തിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന തരത്തിലുള്ള വിമാനങ്ങള്‍ എത്തിക്കാനാണ് ആദ്യം ശുപാര്‍ശ സമര്‍പ്പിച്ചിരുന്നതെങ്കിലും ഇടുക്കി ജലാശയത്തില്‍ വിമാനമിറക്കുന്നതു പാരിസ്ഥിതിക പ്രത്യാഘാതത്തിന് ഇടയാക്കുമെന്നു കണ്ടെത്തിയതിനാല്‍ ഒഴിവാക്കി. കുറഞ്ഞ ചെലവില്‍ വളരെവേഗം ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ചെറുവിമാനങ്ങളെ എയര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കാമെന്നും സാധ്യതാപഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഹെലികോപ്റ്റര്‍ സംവിധാനം ഉപയോഗിക്കുന്നതിനും എയര്‍ സ്ട്രിപ് സഹായകരമാകും. ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ അടിയന്തരഘട്ടങ്ങളില്‍ എറണാകുളത്തോ കോട്ടയത്തോ ആശുപത്രികളില്‍ എത്തിക്കുന്നതിനും ചെറുകിട വിമാനത്താവളങ്ങളിലൂടെ കഴിയും.
Next Story

RELATED STORIES

Share it