kozhikode local

രാത്രി പട്രോള്‍ ശക്തമാക്കണം; ഡിജിപിയുടെ സര്‍ക്കുലര്‍

കോഴിക്കോട്: രാത്രി പട്രോളിങ് കാര്യക്ഷമാക്കാനുള്ള നിര്‍ദേശങ്ങളുമായി ഡിജിപിയുടെ സര്‍ക്കുലര്‍. ഓരോ പോലിസ് സ്റ്റേഷന്‍ പരിധിയിലും വരുന്ന ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഷോപ്പിങ് മാളുകള്‍, ബാറുകള്‍, ആരാധനാ കേന്ദ്രങ്ങള്‍, വ്യവസായ മേഖലകള്‍, തട്ടുകടകള്‍, തിയറ്ററുകള്‍, ദേശീയപാതകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി പട്രോളിങ് നടത്തുവാനുള്ള നിര്‍ദേശമാണ് ഡിജിപി നല്‍കിയിരിക്കുന്നത്.
പകല്‍ സമയത്ത് കാല്‍നട, മോട്ടോര്‍ സൈക്കിളിങ്, ജീപ്പ് പട്രോളിങ് നടത്താനും രാത്രിയില്‍ ജീപ്പ് പട്രോളിങ് കാര്യക്ഷമമാക്കാനുമാണ് നിര്‍ദേശം. പകല്‍സമയത്തേക്കാള്‍ രാത്രിയില്‍ പട്രോളിങിന് നാലു പേരുണ്ടാവണം. കൈവിലങ്ങുകള്‍, ടോര്‍ച്ചുകള്‍, മറ്റു സുരക്ഷാ സംവിധാനങ്ങള്‍, പ്രാഥമിക വൈദ്യ സഹായത്തിനാവശ്യമുള്ള കിറ്റ്, റിഫഌക്ടീവ് ജാക്കറ്റ് എന്നിവ ജീപ്പില്‍ കരുതണം. എല്ലാ ജീപ്പ് പട്രോളുകളും അതാത് പ്രദേശങ്ങളിലെ സാമൂഹിക വിരുദ്ധര്‍, കുറ്റവാളികള്‍, കാപ്പ ചുമത്തി പുറത്തിറങ്ങിയവര്‍, മുന്‍ കുറ്റവാളികള്‍ എന്നിവരുടെ പട്ടിക സൂക്ഷിക്കണം. കൂടാതെ പ്രശ്‌നബാധിത സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പട്ടികയും ജീപ്പിലുണ്ടായിരിക്കണം. വാഹന പരിശോധന നടത്തുന്നതിനടക്കം കൂടുതല്‍വ്യക്തമായ മാനദണ്ഡം ഡിജിപി സര്‍ക്കുലറില്‍ വിവരിക്കുന്നു. ഇത്തരം മാര്‍ഗനിര്‍ദേശങ്ങളിലൂടെ പോലിസിന്റെ സാന്നിധ്യം ജനങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കുന്നതരത്തിലാക്കി മാറ്റുക എന്നാണ് ഉദ്ദേശ്യമെന്നാണ് ഡിജിപി സേനാംഗങ്ങളോട് സര്‍ക്കുലറിലൂടെ പറയുന്നത്.
Next Story

RELATED STORIES

Share it