wayanad local

രാത്രിയാത്രാ നിരോധനം: മനുഷ്യച്ചങ്ങല 22ന്‌

സുല്‍ത്താന്‍ ബത്തേരി: രാത്രികാല ഗതാഗത നിരോധനം നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനജാഗ്രത എന്ന മുദ്രാവാക്യവുമായി 22ന് ഉച്ചയ്ക്ക് രണ്ടിന് സുല്‍ത്താന്‍ ബത്തേരിയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നു ഫ്രീഡം ടു മൂവ് ഭാരവാഹികള്‍ അറിയിച്ചു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുള്ള സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി.
സുപ്രിംകോടതി നിയമിച്ചിരിക്കുന്ന വിദഗ്ധ സമിതി വയനാട്ടില്‍ സിറ്റിങ് നടത്തുക, സമിതി മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കുക, ബദല്‍പാതാ നിര്‍ദേശങ്ങള്‍ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിദഗ്ധ സമിതിയുടെ ബന്ദിപ്പൂരിലെ സിറ്റിങില്‍ ഗതാഗതവകുപ്പ് സെക്രട്ടറിയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനും സ്വീകരിച്ച നിലപാടുകള്‍ സംശയാസ്പദമാണ്. നിലവിലുള്ള നിരോധനത്തെ എതിര്‍ക്കേണ്ടതിനു പകരം ആറുമുതല്‍ ആറുവരെ നിരോധനം ആവാമെന്ന വനംവകുപ്പിന്റെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്.
നിരോധനം നീക്കുക എന്നതാണ് സര്‍ക്കാര്‍ നയം എന്നു ജനപ്രതിനിധികളും ഭരണകക്ഷികളും പറയുമ്പോളും ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. വനമേഖലയിലൂടെ കടന്നുപോവുന്ന മറ്റ് ദേശീയപാതകളില്‍ നിന്നു വ്യത്യസ്തമായി ബന്ദിപ്പൂരിലുള്ള രാത്രിയാത്രാ നിരോധനം നീക്കണമെന്ന ആവശ്യം തന്നെയാണ് സര്‍ക്കാര്‍ ഉന്നയിക്കേണ്ടത്. അതു സാധ്യമാവുന്നതു വരെ കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടാന്‍ ആവശ്യപ്പെടണം.
ശാശ്വത പരിഹാരം എന്ന നിലയില്‍ ദീര്‍ഘകാലം കൊണ്ട് പൂര്‍ത്തിയാവുന്ന മേല്‍പ്പാലങ്ങളും തുരങ്കങ്ങളുമാവാം. പെട്ടെന്നു പൂര്‍ത്തീകരിക്കാന്‍ സാധ്യതയില്ലാത്ത ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നാമതായി ഉന്നയിക്കുന്നതില്‍ ഫ്രീഡം ടു മൂവിന് വിയോജിപ്പുണ്ട്. വയനാട് റെയില്‍വേയും റോഡും രണ്ടായി കാണാനും അധികാരികള്‍ തയ്യാറാവണം. നിലവില്‍ അനുമതിയില്ലാത്ത, വര്‍ഷങ്ങള്‍ക്കു ശേഷം സാധ്യമാവുന്ന റെയില്‍വേ രാത്രികാല ഗതാഗത നിരോധനത്തിന് ബദലായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാവില്ല. ശാസ്ത്രീയമായ പഠന റിപോര്‍ട്ടുകളും ബഹുജന സമ്മര്‍ദവും വിദഗ്ധ സമിതിയെ ബോധ്യപ്പെടുത്താന്‍ സമിതിയംഗങ്ങള്‍ ഇനിയെങ്കിലും തയ്യാറാവണം. ചെയര്‍മാന്‍ എ കെ ജിതൂഷ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റ്റിജി ചെറുതോട്ടില്‍, സഫീര്‍ പഴേരി, പ്രശാന്ത് മലവയല്‍, നൗഷാദ് മംഗലശേരി, കെ എന്‍ സജീവ്, ടോം ജോസഫ്, സക്കരി വാഴക്കണ്ടി, യഹിയ ചേനക്കല്‍, കെ മനോജ്കുമാര്‍, പി സംഷാദ്, ഉനൈസ് കല്ലൂര്‍, വി അനൂപ്, എന്‍ നിസാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it