wayanad local

രാത്രിയാത്രാ നിരോധനംകര്‍ണാടകയുമായി ചര്‍ച്ച നടത്തണം: ഫ്രീഡം ടു മൂവ്‌

സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയോഗിച്ച സമിതി മുമ്പാകെ കേരളത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാനായി കര്‍ണാടകയുമായി ചര്‍ച്ചകള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ഫ്രീഡം ടു മൂവ് യോഗം ആവശ്യപ്പെട്ടു. ഇതിനായി മന്ത്രിതല ചര്‍ച്ചകള്‍ക്കും ആവശ്യമെങ്കില്‍ മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്കും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണം. ദേശീയപാതയില്‍ പൂര്‍വസ്ഥിതിയില്‍ സഞ്ചരിക്കുകയെന്ന കേരളത്തിന്റെ ന്യായമായ ആവശ്യം കര്‍ണാടകയെ ബോധ്യപ്പെടുത്താനുള്ള അവസാന അവസരമാണിതെന്നു ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. സുപ്രിംകോടതി സമിതി മുമ്പാകെ ശക്തമായ ന്യായവാദങ്ങള്‍ ഉയര്‍ത്താനായി അഭിഭാഷക പാനലിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതിനാവശ്യമായ വീഡിയോകളും സ്ഥിതി വിവരകണക്കുകളും തയ്യാറാക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
സമിതി വയനാട്ടില്‍ എത്തുമ്പോള്‍ നിജസ്ഥിതി ബോധ്യപ്പെടുത്താനുള്ള തീവ്രശ്രമങ്ങളാണ് ആവശ്യം. ബദല്‍ പാതയെന്ന നിര്‍ദേശത്തെ യാതൊരു കാരണവശാലും അംഗീകരിക്കരുത്. വനത്തിനുള്ളിലെ വലിയ നിര്‍മാണ പ്രവൃത്തികള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതികാഘാതവും കോടികളുടെ ചെലവും കണക്കിലെടുത്തേ മതിയാവൂ. മാത്രമല്ല, നിര്‍മാണം തുടങ്ങാനും പൂര്‍ത്തീകരിക്കാനും വേണ്ടിവരുന്ന നീണ്ട കാത്തിരിപ്പ് ഫലത്തില്‍ തിരിച്ചടിയാവും. രാത്രിയാത്രാ നിരോധനം മൂലമുള്ള ധനനഷ്ടം സമിതിയെ ബോധ്യപ്പെടുത്താനായി സാമ്പത്തിക സര്‍വേ നടത്താനും സര്‍ക്കാര്‍ തയ്യാറാവണം.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണാനായി ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും മറ്റ് പ്രസ്ഥാനങ്ങളെയും സംഘടിപ്പിക്കും. ഫ്രീഡം ടു മൂവ് ശേഖരിച്ചിരിക്കുന്ന ഒപ്പുകളടങ്ങുന്ന ഭീമഹരജി മുഖ്യമന്ത്രിക്കും സുപ്രിംകോടതി സമിതിക്കും നല്‍കും. ദേശീയപാത കടന്നുപോവുന്ന കോഴിക്കോട് മുതല്‍ ഗുണ്ടല്‍പേട്ട വരെയുള്ള ത്രിതല പഞ്ചായത്ത് ഭാരവാഹികളെയും എംപിമാരെയും എംഎല്‍എമാരെയും സംഘടിപ്പിച്ചുള്ള ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും. ചെയര്‍മാന്‍ എ കെ ജിതൂഷ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടിജി ചെറുതോട്ടില്‍, കോ-ഓഡിനേറ്റര്‍ സഫീര്‍ പഴേരി, പ്രദീപ് ഉഷ, സക്കരി വാഴക്കണ്ടി, ടോം ജോസഫ്, കെ എന്‍ സജീവ്, യഹിയ ചേനക്കല്‍, പ്രശാന്ത് മലവയല്‍, നൗഷാദ് മംഗലശേരി, കെ പി സജു, എന്‍ നിസാര്‍, കെ മനോജ് കുമാര്‍, പി ഷംസാദ്, ഹരിദാസ് വന്നേരി, സി വി ഷിറാസ്, ഷമീര്‍ ചേനക്കല്‍, ഷാനവാസ് മമ്മാസ്, ഷമീര്‍ മുന്ന, എ പി പ്രേഷിന്ത്, നവാസ് തനിമ, കെ സമദ്, ശ്യാംജിത്ത് ദാമു സംസാരിച്ചു.
Next Story

RELATED STORIES

Share it