രാജ്‌നാഥ് സിങ് രാജിവയ്ക്കണം; ഗിലാനിയെ വിട്ടയക്കണം: എന്‍സിഎച്ച്ആര്‍ഒ

ചെന്നൈ: വ്യാജമായ ട്വിറ്റര്‍ സന്ദേശത്തെ അവലംബിച്ച് ജെഎന്‍യു സംഭവത്തിനു പിന്നില്‍ പാകിസ്താന്‍ തീവ്രവാദി ഹാഫിസ് സഈദാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാജിവയ്ക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) ആവശ്യപ്പെട്ടു. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുകയും അവരെ പിന്തുണയ്ക്കുന്നവരെ വേട്ടയാടുകയും ചെയ്യുന്നതിനെ സമിതി ചെയര്‍പേഴ്‌സന്‍ പ്രഫ. എ മാര്‍ക്‌സും ജനറല്‍ സെക്രട്ടറി പ്രഫ. പി കോയയും അപലപിച്ചു.
സംഭവത്തില്‍ സര്‍ക്കാരെടുത്ത നടപടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ നാം ഹിറ്റ്‌ലറുടെ ജര്‍മനിയിലാണോ ജീവിക്കുന്നതെന്ന് അതിശയിച്ചു പോവുന്നു. സ്വാതന്ത്ര്യ സമരസേനാനികള്‍ക്കെതിരേ ബ്രിട്ടീഷ് സര്‍ക്കാര്‍ ചുമത്തിയ ദേശദ്രോഹക്കുറ്റമാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേയും ചുമത്തപ്പെട്ടത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെക്കുറിച്ച് സ്വന്തം അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് വിദ്യാര്‍ഥികള്‍ ചെയ്ത കുറ്റം. ഭാര്യയേയും കുട്ടിയേയും അറിയിക്കുക എന്ന നിര്‍ബന്ധിതമായ നടപടിക്രമങ്ങള്‍ കൂടി പാലിക്കാതെയാണ് അഫ്‌സല്‍ ഗുരുവിനെ വധിച്ചതെന്ന് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, എ പി ഷാ എന്നിവര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇപ്പോള്‍ ബിജെപിയുടെ സഖ്യകക്ഷിയായ ജമ്മു കശ്മീരിലെ പിഡിപിയും സംഭവത്തെ അപലപിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിനിടയില്‍ നിന്നു പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാണ് ആരോപണം. എന്നാല്‍ എബിവിപി പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളിച്ചതെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടന്നതായാണ് ഇത് വെളിപ്പെടുത്തുന്നത്. നിരപരാധികളായ യുവാക്കളെയാണ് ഇതിന്റെ പേരില്‍ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തത്. വാര്‍ത്താസമ്മേളനം നടത്തിയതിനാണ് ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ എസ് എ ആര്‍ ഗിലാനിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
ചെന്നൈ ഐഐടി, ഹൈദരാബാദ് സര്‍വകലാശാല എന്നിവിടങ്ങളിലെ സംഭവങ്ങളെ ബിജെപി സര്‍ക്കാരും എബിവിപിയും യുവ ഹിറ്റ്‌ലറെപ്പോലെയാണ് കൈകാര്യം ചെയ്തത്.
ഗിലാനിയെ ഉടന്‍ വിട്ടയക്കണമെന്നും വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it