രാജ്യാന്തര സഫാരി സമ്മേളനം 15നു തുടങ്ങും

കൊച്ചി: ഉപഗ്രഹവിദ്യകള്‍ മല്‍സ്യമേഖലയ്ക്കു പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര സഫാരി (സൊസൈറ്റല്‍ ആപ്ലിക്കേഷന്‍സ് ഇന്‍ ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ യൂസിങ് റിമോട്ട് സെന്‍സിങ് ഇമേജറി) സമ്മേളനം 15നു തുടങ്ങും. 15നു രാവിലെ 10ന് കേന്ദ്ര കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ദേശീയ കാര്‍ഷിക ഗവേഷണസമിതിയുടെ (ഐസിഎആര്‍) ഡയറക്ടര്‍ ജനറലുമായ ഡോ. ത്രിലോചന്‍ മൊഹാപത്ര സമ്മേളനം ഉദ്ഘാടനം ചെയ്യും.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മല്‍സ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ഉപഗ്രഹ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കും. മീനുകള്‍ കൂടുതല്‍ ലഭ്യമായ സ്ഥലങ്ങള്‍ കണ്ടെത്തല്‍, ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് കടലിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍, ചാകര, കടലിലെ ഊഷ്മാവ് വ്യത്യാസം തുടങ്ങിയവ മുന്‍കൂട്ടി മനസ്സിലാക്കല്‍, കാലാവസ്ഥാ വ്യതിയാനം മൂലം കടലിന്റെ ആവാസവ്യവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പ്രവചനം തുടങ്ങിയവ ഉപഗ്രഹ സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധ്യമാക്കുന്നതിന് സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമുദ്രശാസ്ത്രജ്ഞര്‍, ഉപഗ്രഹ സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍, നയതന്ത്രജ്ഞര്‍, ഗവേഷകര്‍ തുടങ്ങിയവരാണു ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുക. 'റിമോട്ട് സെന്‍സിങ് ഫോര്‍ ഇക്കോ സിസ്റ്റം അനാലിസിസ്' എന്ന പ്രമേയത്തിലാണു സമ്മേളനം.
സമ്മേളനത്തിന്റെ അവസാന ദിവസമായ 17നു രാവിലെ 10.30നു നടക്കുന്ന ദുരന്തനിവാരണത്തെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മുഖ്യാതിഥിയാവും. മല്‍സ്യത്തൊഴിലാളികള്‍ക്കു പുറമേ, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, കേരള ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരും പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 300ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it